നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഎംസി കൂട്ടായ്മയാണ് ഇതിനു പിന്നിലെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും ഭാരവാഹികള്‍ അറിയിച്ചു.
യെമെനില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സഹായിയായ സാമുവല്‍ ജറോം ആവശ്യപ്പെട്ടപ്രകാരം പ്രാരംഭചര്‍ച്ചകള്‍ക്കുള്ള ചെലവായ 45,000 അമേരിക്കന്‍ ഡോളര്‍ (38 ലക്ഷം ഇന്ത്യന്‍ രൂപ) സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അക്കൗണ്ടിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇത് മുന്നില്‍ക്കണ്ട് അനധികൃത പണപ്പിരിവ് നടത്തുന്നതില്‍നിന്ന് സംഘടനകളും വ്യക്തികളും പിന്മാറണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. അല്ലാത്ത പക്ഷം നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ആക്‌ഷൻ കൗൺസിലിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കല്ലാതെ അയക്കുന്ന സംഭവനകൾ സംബന്ധിച്ച പരാതികൾക്ക് സംഘടന ഉത്തരവാദിയല്ലെന്നും വ്യക്തമാക്കി. നെന്മാറ എം.എൽ.എ. കെ. ബാബു, കൗൺസിലിലെ മുതിർന്ന അംഗം മൂസ, കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എന്നിവരുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോയിന്റ് ബാങ്ക് അക്കൗണ്ടാണ് ആരംഭിച്ചിരിക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷ.
നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമെൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. യെമെൻ അഭിഭാഷകൻ മുഖാന്തരമാണ് കുടുംബവുമായി ചർച്ച നടത്തുക. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ എന്നിവർ യെമെനിൽ തുടരുകയാണ്. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകൾക്കായി 50 ലക്ഷം രൂപ സമാഹരിക്കാൻ ഞായറാഴ്ച ചേർന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.
പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാതെ ആക്ഷൻ കൗൺസിൽ തന്നെ ഈ തുക കണ്ടെത്തും. ഇതിന് പലരുമായും ചർച്ച നടത്തും. മോചനത്തിനായി ഗാരന്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങൾക്ക് കൈമാറാനും തീരുമാനിച്ചിരുന്നു.
യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, തലാലിനെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു.
തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്.
കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിരുന്നു.
മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ച നടത്തും. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.
https://www.facebook.com/Malayalivartha