കുവൈത്തിലെ മംഗെഫിലുണ്ടായ തീ പിടുത്തത്തിൽ 41പേർ മരിച്ചു:- മരിച്ചവരിൽ രണ്ട് മലയാളികളുമെന്ന് സൂചന:- ദുരന്തമുണ്ടായത് മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഫ്‌ളാറ്റിൽ; കെട്ടിട ഉടമയെ പിടികൂടാനും നിയമ നടപടിക്കും നിർദ്ദേശം...
കുവൈത്തിലെ തെക്കൻ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ 41പേർ മരിച്ചെന്ന് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്.
പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് ചാടിയവരുമുണ്ട്. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഫയർ എൻജിനുകളും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം പരിക്കേറ്റ എല്ലാവരെയും, ചിലരുടെ നില ഗുരുതരമാണ്, ആവശ്യമായ വൈദ്യചികിത്സയ്ക്കായി അടുത്തുള്ള നിരവധി ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കെട്ടിടത്തിന് തീപിടിച്ച് പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ മെഡിക്കൽ ടീമുകൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തീപിടിത്തത്തിൽ പരിക്കേറ്റ 43 വ്യക്തികൾക്ക് ആരോഗ്യ മന്ത്രാലയം സമഗ്രമായ വൈദ്യസഹായം നൽകിയിട്ടുണ്ട്. അൽ-അദാൻ ഹോസ്പിറ്റലിൽ 21 കേസുകൾ, അൽ-ഫർവാനിയ ഹോസ്പിറ്റലിൽ 6, അൽ-അമിരി ഹോസ്പിറ്റലിൽ 1, മുബാറക് ഹോസ്പിറ്റലിൽ 11, ജാബർ ഹോസ്പിറ്റലിൽ 4 എന്നിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം.
സംസ്ഥാന വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് 43 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേരെയെങ്കിലും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കുവൈറ്റ് പോലീസിൽ നിന്നുള്ള ഈദ് റഷീദ് ഹമാസ് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കണക്കുകൾ ഇതുവരെ അന്തിമമായിട്ടില്ല.
തീ നിയന്ത്രണവിധേയമാക്കിയതായും എന്താണ് കാരണമെന്ന് അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. കെട്ടിട ഉടമയെ പിടികൂടാനും നിയമ നടപടിക്കും നിർദ്ദേശം.
https://www.facebook.com/Malayalivartha