കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം... ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു
കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകള്‍ പരിശോധിച്ചതില്‍ നിന്ന് 25 പേര്‍ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ് (56), കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ്, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 35 പേരില്‍ 7 പേരുടെ നില ഗുരുതരമാണ്. 5 പേര്‍ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കള്‍ വിവരങ്ങള്‍ കൈമാറാന്‍ സ്ഥാനപതി കാര്യാലയം ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍-+965-65505246. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.
മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാന്‍ കാരണമായി.
എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.
https://www.facebook.com/Malayalivartha