അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു സ്റ്റെഫിന്‍ ദുരന്തത്തില്‍പ്പെട്ടത്
കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാൡായ പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ മരണത്തില്‍ കണ്ണീരണിഞ്ഞ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു ദുരന്തവാര്‍ത്ത. ഇരുമാരിയേല്‍ സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിന്‍. കുവൈത്തില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ ഫെബിനും ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസം. പാമ്പാടി വിശ്വഭാരതി കോളജിനു സമീപത്താണ് സ്റ്റെഫിന്റെ കുടുംബം താമസിക്കുന്നത്. കെവിന്‍ മറ്റൊരു സഹോദരനാണ്.
മംഗഫിലെ കമ്പനി ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ അടക്കം 49 പേര്‍ മരിച്ചതായാണു വിവരം. പേരുകള്‍ പരിശോധിച്ചതില്‍ നിന്ന് 25 പേര്‍ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. 8 മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് (34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍ (68), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ് (56), കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48), പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 35 പേരില്‍ 7 പേരുടെ നില ഗുരുതരമാണ്. 5 പേര്‍ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കള്‍ വിവരങ്ങള്‍ കൈമാറാന്‍ സ്ഥാനപതി കാര്യാലയം ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍+965-65505246. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.
https://www.facebook.com/Malayalivartha