കുവൈറ്റ് തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകാൻ കുവൈത്ത് സർക്കാർ തീരുമാനം:- മരിച്ചവരുടെ കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ; എംബസികൾ വഴി തുക കൈമാറും...
ഇന്ത്യക്കാർ ഉൾപ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നൽകാൻ കുവൈത്ത് സർക്കാർ തീരുമാനം. ഈ തുക അതത് എംബസികൾവഴിയാകും വിതരണംചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിഷേൽ അൽ അഹമ്മദ് സംഭവ ദിവസംതന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ, തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ല. 25 മലയാളികൾ ഉൾപ്പെടെ 50 പേർക്കാണ് തീപ്പിടിത്തത്തിൽ ജീവൻ നഷ്ടമായത്.
അതിനിടെ എൻബിടിസി കമ്പനി ഉടമ കെ.ജി.ഏബ്രഹാം കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. ജീവൻ നഷ്ടമായ 4 പേരുടെ വീടുകളിലാണ് കെ.ജി.ഏബ്രഹാം കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അദ്ദേഹം പങ്കുചേർന്നു. തുടർന്നും കമ്പനിയുടെ ഭാഗത്തു നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര സഹായമായി കമ്പനി 8 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രിതർക്ക് ജോലിയും 4 വർഷത്തെ ശമ്പളവും ഉറപ്പാക്കുമെന്നും കെ.ജി.ഏബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം അടുത്തയാഴ്ച തുടങ്ങും. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് നോർക്ക മുഖേന നൽകുക. തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ നോർക്ക തയ്യാറാക്കി വരികയാണ്. പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചാലുടൻ ധനവകുപ്പ് തുക അനുവദിക്കും. മരിച്ചവരുടെ ആശ്രിതർക്കായിരിക്കും ആദ്യം സഹായം നൽകുക. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. പ്രത്യേക നടപടിക്രമങ്ങൾ രൂപീകരിച്ച് അതുപ്രകാരമായിരിക്കും പണം വിതരണം ചെയ്യുക.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് തെക്കൻ കുവൈറ്റിലെ മാംഗഫിൽ മലയാളി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഏഴുനില ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെന്ന് കുവൈറ്റ് സ്ഥിരീകരിച്ചിരുന്നു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു.
ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ ക്യാംപിലുണ്ടായിരുന്നു. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അവിടേക്കു കയറാനായില്ല.
ഗോവണിപ്പടി വഴി ടെറസിലേത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ കുഴഞ്ഞുവീണതായും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് മലയാളികൾ അപകട നില തരണം ചെയ്തു.
https://www.facebook.com/Malayalivartha