പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത് രണ്ട് ദിവസം മുമ്പ്; ജോലിക്കിടെ മലയാളി യുവാവിന് ദാരുണാന്ത്യം: ഭാരമുള്ള വസ്തു മുകളില്‍ നിന്നും ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നെന്ന് റിപ്പോർട്ട്...
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. കാലടി കൊറ്റമം സ്വദേശി റെയ്ഗൻ ജോസാണ് മരിച്ചത്. റെയ്ഗന്‍ യുകെയില്‍ എത്തിയിട്ട് വെറും നാലുമാസമേ ആകുന്നുള്ളൂ. ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി എത്തിയ സ്റ്റീനയുടെ ഭര്‍ത്താവ് ആണ് റെയ്ഗന്‍. തൃശൂര്‍ സ്വദേശിനിയായ സ്റ്റീനയും അടുത്തകാലത്താണ് യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
രാവിലെ ജോലിക്ക് പോയ ഭര്‍ത്താവ് ഇനി മടങ്ങി വരില്ല എന്ന പൊള്ളിക്കുന്ന സത്യം ഇനിയും ഉള്‍ക്കൊളളാന്‍ പ്രയാസപ്പെടുന്ന സ്റ്റീനയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഉഴലുകയാണ് ബെഡ്‌ഫോര്‍ഡ് മലയാളികള്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ഉണ്ടായ ഈ അപകടത്തില്‍ റെയ്ഗന് ഒപ്പം നേപ്പാള്‍ സ്വദേശിയായ യുവാവും കൊല്ലപ്പെട്ടു എന്നാണ് ലഭ്യമാകുന്ന വിവരം.
ജോലിക്കിടെ ഭാരമുള്ള വസ്തു മുകളില്‍ നിന്നും ഇരുവരുടെയും ദേഹത്തേക്ക് പതിക്കുക ആയിരുന്നു എന്ന് പറയപ്പെടുന്നു. കാലടി കൊറ്റമം മണവാളന്‍ ജോസിന്റെയും റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് റെയ്ഗന്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ നാട്ടിലെ കുടുംബവും ബന്ധുക്കളും ഏറെ ആശങ്കയിലുമാണ്.
തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നും പറയുന്നു. അപകടം സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മൃതദേഹം ബെഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടുദിവസം മുന്‍പാണ് റെയ്ഗൻ പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത്.
https://www.facebook.com/Malayalivartha