നിമിഷ പ്രിയയുടെ മോചനം; വധശിക്ഷയ്‌ക്കായുള്ള സമ്മർദ്ദം ഉപേക്ഷിച്ചു: ഗോത്രം ഒത്തുതീർപ്പിന് സമ്മതിച്ചാല്‍ ദയാധനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കും...
യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്കിടെ പ്രാഥമിക ചര്‍ച്ചകള്‍ക്കാവശ്യമായ നടപടിക്രമങ്ങളില്‍ പുരോഗതി. നിമിഷപ്രിയയയുടെ വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടില്‍ നിന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ഗോത്ര നേതാക്കളും അയഞ്ഞിട്ടുണ്ട്. നേരത്തെ ഇവര്‍ നിമിഷപ്രിയയയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയും വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ദയാധനം നല്‍കി മോചിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നീക്കം ഊര്‍ജിതമാക്കിയതോടെയാണു വധശിക്ഷയ്‌ക്കായുള്ള സമ്മര്‍ദം ഉപേക്ഷിച്ചത്.
മധ്യസ്‌ഥ ചര്‍ച്ചയ്‌ക്ക് ആവശ്യമായ 40,000 ഡോളര്‍ നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതില്‍ ഇരുപതിനായിരം ഡോളര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ബാക്കി തുകയായ ഇരുപതിനായിരം ഡോളര്‍കൂടി സമാഹരിച്ചതായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
പണം സ്വീകരിക്കാന്‍ യെമനിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് തുക കൈമാറാനായത്. ചര്‍ച്ചകളുടെ ഭാഗമായി ഗോത്രം ഒത്തുതീര്‍പ്പിനു സമ്മതിച്ചാല്‍ ദയാധനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കും.
തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ച നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ ഇതുവരെ ചര്‍ച്ചയ്‌ക്ക് വന്നിട്ടില്ല. ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോയും മറ്റു ലഭിച്ചാലെ ബാക്കി പണം നല്‍കുകയുള്ളൂവെന്നു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ യുവാവ് തലാല്‍ അബ്‌ദുമഹ്‌ദിയുടെ കുടുംബവുമായും അവരുള്‍പ്പെടുന്ന ഗോത്രവിഭാഗത്തലവന്മാരുമായുമാണു ചര്‍ച്ച നടക്കേണ്ടത്. ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നാണു സൂചന.
https://www.facebook.com/Malayalivartha