സൗദി അറേബ്യയിൽ തൃശ്ശൂർ സ്വദേശിക്കും നാല് സൗദി പൗരർക്കും വധശിക്ഷ നടപ്പാക്കി:- ശിക്ഷ സമീർ വേളാട്ടുകുഴി കൊല്ലപ്പെട്ട കേസിൽ...
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തൃശ്ശൂർ സ്വദേശിക്കും നാല് സൗദി പൗരർക്കും സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് ശിക്ഷ നടപ്പാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴിയാണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
2016 ജൂലായ് ആറിനാണു സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗദി മലയാളികളെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു സമീറിന്റെ കൊലപാതകം. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു കൊലപാതകത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മലയാളികളടക്കം ആറു പേരെയാണ് ജുബൈല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കി. ഒരു മലയാളി ഇപ്പോഴും തടവിലാണ്.
കൊടുവള്ളി വേലാട്ടു കുഴിയില്‍ അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട സമീര്‍. ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് ജുബൈലിലെ വര്‍ക്ക്‌ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നതുകൊണ്ട് കൊലപാതകമാണെന്ന് പോലീസ് സംശയിച്ചു. അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ പിടിയിലായി.
പണം കൊള്ളയടിക്കാനായി സൗദി യുവാക്കള്‍ സമീറിനെ തട്ടിക്കൊണ്ടുപോവുകയും മൂന്ന് ദിവസം ബന്ദിയാക്കി മര്‍ദിച്ചതിനെത്തുടര്‍ന്ന് മരിക്കുകയുമായിരുന്നു. സമീറിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. അനധികൃത പണമിടപാട് കേന്ദ്രങ്ങളും, മദ്യ വാറ്റ് കേന്ദ്രങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ അംഗമായിരുന്നു പ്രതികളായ സൗദികളും മലയാളികളും. ആളുമാറിയാണ് സമീറിനെ തട്ടി കൊണ്ടുപോയി മര്‍ദിച്ചു കൊള്ളയടിക്കാന്‍ ശ്രമിച്ചത്. കൊലപാതകികള്‍ക്ക് മാപ്പു നല്‍കാന്‍ കൊല്ലപ്പെട്ട സമീറിന്റെ കുടുംബം തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയത്.
നിരവധി മലയാളികളെ ചോദ്യം ചെയ്ത ജുബൈൽ പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ ആണ് തുമ്പുണ്ടായത്.കുഴൽപ്പണക്കാരെയും മദ്യവാറ്റുകാരെയും കൊള്ളയടിക്കുന്ന സംഘമാണ് സമീറിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. സ്വദേശികളായ സംഘത്തിന്‍റെ സഹായിയായിരുന്നു തൃശൂർ സ്വദേശി സിദ്ദിഖ്. മദ്യവാറ്റു കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനെന്നു തെറ്റിദ്ധരിച്ചാണ് സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തിൽ അതിക്രൂര പീഡനങ്ങൾക്കിരയാക്കിയത്.
ബോധഹീനനായ സമീറിനെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വഴിയരുകിൽ ഉപേക്ഷിച്ചു. അപ്പോഴേയ്ക്കും സമീർ കൊല്ലപ്പെട്ടിരുന്നു. അവശനായ സമീറിന്‍റെ സുഹൃത്തിനെ സംഘം വഴിയിലിറക്കി വിട്ടു. പതിനേഴു ദിവസം കൊണ്ട് ജുബൈൽ സ്പെഷ്യൽ സ്ക്വാഡ് പ്രതികളെ കണ്ടെത്തി.
https://www.facebook.com/Malayalivartha