യുഎഇയില്‍ വിവിധ കാലാവസ്ഥാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്...
യുഎഇയിലും ഒമാനിലും ഇന്ന് മഴ മുന്നറിയിപ്പ്. യുഎഇയില്‍ വിവിധ കാലാവസ്ഥാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമാകുന്നതും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റും തുടരുന്നതിനാല്‍ ആണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫില്‍, പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും ചില സമയങ്ങളില്‍ തിരമാലകള്‍ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് വൈകുന്നേരം 6 മണി വരെ നീണ്ടുനില്‍ക്കും. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു. നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലും കാലാവസ്ഥാ വകുപ്പ് ഇതേ ജാഗ്രതാ നിര്‍ദേശമായിരുന്നു നല്‍കിയിരുന്നത്.
ഇന്ന് രാവിലെ ഫുജൈറയിലും ഖോര്‍ഫക്കാനിലും ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. കിഴക്കന്‍ തീരത്തിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്റ്റോം സെന്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചാറ്റല്‍ മഴയും നേരിയ മഴയും പെയ്യുന്നത് ദൃശ്യമായിരുന്നു. ഇന്ന് യുഎഇ നിവാസികള്‍ക്ക് ഭാഗികമായി മേഘാവൃതമായ ദിവസം പ്രതീക്ഷിക്കാം. എന്നാല്‍ അന്തരീക്ഷത്തില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ ഉച്ചയോടെ ചെറിയ മഴ പെയ്‌തേക്കാം. അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 41 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും.
പര്‍വതങ്ങളില്‍ ഈര്‍പ്പം 15 ശതമാനം വരെ താഴ്‌ന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിക്കും മണലിനും കാരണമാകുന്ന നേരിയതോ മിതമായതോ ആയ കാറ്റ് ഇടയ്ക്കിടെ വീശുമെന്ന് പ്രതീക്ഷിക്കുന്നു. കടല്‍ നേരിയതോ മിതമായോ പ്രക്ഷുബ്ധമായേക്കാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും വലിയ തിരമാലകള്‍ പ്രത്യക്ഷപ്പെട്ടേക്കാം.
ഒമാനിലും ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച മസ്‌കത്തിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും കനത്ത ആലിപ്പഴവര്‍ഷവും മഴയും പെയ്തിരുന്നു. തെക്കന്‍ അല്‍ ബത്തിന, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ബത്തിന, മസ്‌കറ്റ്, അല്‍ ദഖിലിയ, അല്‍ ദാഹിറ, അല്‍ ബുറൈമി, അല്‍ വുസ്ത, മുസന്ദം എന്നിവയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും.
https://www.facebook.com/Malayalivartha