പ്രവാസികൾക്ക് ഇത്തവണ ചിലവേറും, ഗ്ലോബല്‍ വില്ലേജിലേക്കുള്ള പ്രവേശന നിരക്കിൽ അടിമുടി മാറ്റം, ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു...!
പ്രവാസികളും യുഎഇ നിവാസികളും ഒരുപോലെ കാത്തിരുന്ന ഗ്ലോബല്‍ വില്ലേജിന്റെ 29-ാം പതിപ്പ് ബുധനാഴ്ച വൈകീട്ട് ആറിന് ആരംഭിക്കാനിരിക്കേ ടിക്കറ്റ് നിരക്ക് കൂട്ടി. സീസൺ 16ന് തുടങ്ങാനിരിക്കെ പ്രവേശന നിരക്ക് വർധിപ്പിച്ചത് സന്ദർശകരുടെ ഒഴുക്കിനെ ബാധിക്കാൻ സാധ്യത കുറവാണെങ്കിലും കുടുംബമായി ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാൻ എത്തുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇത് തിരിച്ചടിയാണ്. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എൻട്രി ടിക്കറ്റുകൾ 25 ദിർഹം മുതൽ ആരംഭിക്കുന്നു. ഒരാൾക്ക് 25 ദിർഹമാണ് പുതിയ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം സജീവമാക്കി. സന്ദർശകർക്ക് ഇപ്പോൾ പ്രവേശന പാസുകൾ വാങ്ങാം.പ്രവേശന ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഗേറ്റുകളിലും ലഭ്യമാണ്. ദിർഹം പ്രതിവാര ടിക്കറ്റ് അതായത് പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ സാധുതയുള്ള ടിക്കറ്റിന് 25 ദിർഹം, ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന് 30 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. 3 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം ഇപ്പോഴും സൗജന്യമാണ്. ഗ്ലോബല്‍ വില്ലേജിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ദുബായ്, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള ബസ് സര്‍വീസുകളുണ്ടാകും.
ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് നാല് മുതല്‍ അര്‍ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കും. മൂന്ന് പുതിയ പവിലിയനുകള്‍ ഉള്‍പ്പടെ മൊത്തം 30 പവിലിയനുകളാണ് പുതിയ പതിപ്പിലുള്ളത്. ഇതുവരെയും കണ്ടിട്ടില്ലാത്ത വിനോദോപാധികള്‍, കൂടുതല്‍ സാംസ്‌കാരിക പ്രാതിനിധ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
കാര്‍ണിവല്‍ പ്രദേശത്തിന് സമീപത്തായി രണ്ട് നിലകളുള്ള റസ്റ്ററന്റ് പ്ലാസയാണ് പുതിയ പതിപ്പിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഗ്ലോബല്‍ വില്ലേജിലെ വിസ്മയ കാഴ്ചകള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കാമെന്നതാണ് സവിശേഷത. ഷോപ്പിങ് പ്രേമികള്‍ക്കായി 3500-ലേറെ വ്യാപാര കേന്ദ്രങ്ങളുണ്ട്. കാര്‍ണിവല്‍ ഫണ്‍ ഫെയ് ഏരിയ, ഡൈനിങ് ഏരിയ, ഡ്രാഗണ്‍ തടാകം, ഫിയസ്റ്റ സ്ട്രീറ്റ്, റെയില്‍വേ മാര്‍ക്കറ്റ്, ഫ്‌ലോട്ടിങ് മാര്‍ക്കറ്റ്, 200-ലേറെ റൈഡുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ ഒട്ടേറെ പുതുമയുള്ള കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രധാന സ്റ്റേജ്, കിഡ്സ് തിയേറ്റര്‍ എന്നിവിടങ്ങളിലും വിവിധ പവിലിയനുകളിലുമായി 40,000-ലേറെ കല, സാംസ്‌കാരിക, വിനോദ പരിപാടികള്‍ അരങ്ങേറും.
28-ാമത്തെ സീസണില്‍ ഒരു കോടിയാളുകളാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്. 27 പവലിയണുകളിലായി 90ല്‍പരം സംസ്‌കാരിക പരിപാടികളാണ് പ്രദര്‍ശിപ്പിച്ചത്. 400ലേറെ കലാകാരന്മാര്‍ കഴിഞ്ഞ സീസണില്‍ പങ്കെടുത്തിരുന്നു. 40,000ലേറെ കലാപ്രകടനങ്ങള്‍ സന്ദര്‍ശകര്‍ ആസ്വദിച്ചു. 200ല്‍ അധികം റൈഡുകളാണ് കഴിഞ്ഞ സീസണില്‍ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരുന്നത്. ഇതിന് പുറമെ 3500ലേറെ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ഡൈനിംഗ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha