സൗദിയിൽ കൊടുംമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും...!!
യുഎഇയ്ക്ക് പിന്നാലെ സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത. മഴ ശക്തമാകുമെന്നതിനാൽ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്‌വരകൾ ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ എന്നിടങ്ങളിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വരെ ഇത്തരത്തിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മക്ക രാജ്യത്തിന്റെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴയ്ക്കാണ് സാധ്യത.
മക്ക മേഖലയിൽ വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്ക മേഖലയിലെ തായിഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത കൂടുതലാണ്. അതേസമയം തുറാബയിൽ നേരിയ മഴ ലഭിച്ചേക്കാം. അൽ ബഹ, അസിർ, ജിസാൻ, നജ്‌റാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കാം. കിഴക്കൻ പ്രവിശ്യയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് റിയാദ് മേഖലയെയും ബാധിക്കും.
വാദി അൽ ദവാസിർ, അൽ സുലൈയിൽ, അൽ അഫ്ലാജ്, ഹവ്ത ബാനി തമീം, അൽ ഖർജ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, പ്രത്യേകിച്ച് ദൃശ്യപരത കുറഞ്ഞ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് തുടരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളും നല്‍കുന്ന കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ കൃത്യമായി ശ്രദ്ധിക്കുകയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഇതേസമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്താൽ യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. ഇതോടനുബന്ധിച്ച് റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെങ്കിലും കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ന്യൂനമർദം മൂലം പെട്ടെന്നുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുവരികയാണ്. കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുമെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha