പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ പേർക്ക്
സൗദിയിൽ വിവിധ തൊഴിലുകളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ യോഗ്യതയും നൈപുണ്യവും പരിശോധിച്ച് അംഗീകാരം നൽകുന്നതിനുള്ള പദ്ധതിയാണ് അക്രഡിറ്റേഷൻ പ്രോഗ്രാം. ഇത് സജീവമാക്കിയിരിക്കുകയാണ് സൗദി. അറിവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെ സൗദിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും ഇത് പിന്തുണക്കും. എന്നാൽ തുടക്കത്തിൽ പ്രവാസികൾക്ക് ഇത് ഒരു വലിയ തിരിച്ചടിയായിരുന്നു.
പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പും അവരുടെ വരവിനുശേഷവും യോഗ്യതയും നൈപുണ്യവും പരിശോധനകളിലൂടെ ഉറപ്പുവരുത്തി പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തുന്നതിനാൽ മിക്കവർക്കും ഇത് ഒരു ഭാഗ്യപരീക്ഷണം തന്നെയായിരുന്നു. രാജ്യത്തേക്ക് തൊഴിൽ നോക്കുന്ന പ്രവാസികളുടെ അത്മവിശ്വാസം കൂട്ടുന്ന വാർത്തയാണ് പുറത്തുവരുന്നത്.
‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം വിവിധ തൊഴിലുകളിൽ 2,09,500-ലധികം വിദേശ തൊഴിലാളികൾക്ക് അംഗീകാരം നൽകിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,000-ലധികം തസ്തികകളിലാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് അംഗീകാരം നൽകിയത്. പ്രോഗ്രാമിൽ പ്രഫഷനൽ വെരിഫിക്കേഷൻ, പ്രഫഷനൽ എക്സാമിനേഷൻ എന്നീ സേവനങ്ങളാണ് ഉൾപ്പെടുന്നത്. പ്രഫഷനൽ വെരിഫിക്കേഷൻ സേവനം ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ പ്രവാസി തൊഴിലാളികളുടെ കഴിവുകളും അനുഭവങ്ങളും സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ ലക്ഷ്യമിടുന്നതാണ്.
ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ പൂർണമായും ഓട്ടോമേറ്റഡ് രീതിയിലാണ് ഇത് നടപ്പാക്കുന്നത്. സേവനം പരമാവധി 15 പ്രവൃത്തി ദിവസങ്ങൾ എടുക്കും. ‘വൊക്കേഷണൽ പരീക്ഷ’ സേവനം അക്കാദമിക് ബിരുദങ്ങൾ ആവശ്യമില്ലാത്ത പ്രഫഷനുകൾക്കായി ഇടത്തരം, താഴ്ന്ന കഴിവുകൾ ഉള്ളവരെ ലക്ഷ്യമിടുന്നു. പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള 127-ലധികം പ്രഫഷനൽ പരീക്ഷാകേന്ദ്രങ്ങളിലൂടെ തൊഴിലുടമകൾക്ക് അവരുടെ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാനുള്ള അവസരം മന്ത്രാലയം ഒരുക്കുന്നു.
ഇന്ത്യയിലുൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദേശത്തുനിന്ന് കൂടുതലായി തൊഴിലാളികൾ എത്തുന്ന അഞ്ചു രാജ്യങ്ങൾക്കാണ് തുടക്കത്തിൽ ബാധകമാക്കിയത്. ഇന്ത്യ, പാകിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക ഈജിപ്ത്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിശോധനയിൽ ഉൾപ്പെടുന്നു.
ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെന്റിലേഷൻ ആന്റ് എസി, വെൽഡിംഗ് എന്നീ ട്രേഡുകളിൽ 29 ലേബർ വിസകൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി പരീക്ഷ പ്രഖ്യാപിച്ചത്. നിശ്ചിത പ്രൊഫഷനുകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്‌പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് സൗദി എംബസിയും മുംബൈ കോൺസുലേറ്റും ഏജൻസികളെ അറിയിച്ചിരുന്നു.
ഓൺലൈൻ ടെസ്റ്റിൽ വിജയിക്കുന്നവരാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കേണ്ടത്. പരീക്ഷ കാമറ വഴി സൗദി തൊഴിൽമന്ത്രാലയത്തിന് കീഴിലെ തകാമുൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. യോഗ്യത പരീക്ഷ പാസാകുന്നതോടെ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ഇമെയിൽ വഴിയോ സൈറ്റിൽ ലോഗിൻ ചെയ്‌തോ എടുക്കാനാകും. ഈ സർട്ടിഫിക്കറ്റാണ് വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്‌പോർട്ടിനൊപ്പം നൽകേണ്ടത്.
സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള ലേബർ വിസകൾക്കും ഘട്ടംഘട്ടമായി പരീക്ഷ നിർബന്ധമാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനായി തൊഴിൽ മേഖലയെ 29 ട്രേഡുകളായി ക്രമീകരിച്ച് എല്ലാ ലേബർ പ്രൊഫഷനുകളെയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിദഗ്ധ തൊഴിലാളികൾക്ക് പകരം എല്ലാ മേഖലകളിലും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ പരീക്ഷ നിർബന്ധമാക്കിയത്.
https://www.facebook.com/Malayalivartha