അബ്ദുൽ റഹീമിന്റെ മോചനത്തിൽ അവസാന നിമിഷം നിരാശ...!! കോടതി വിചാരണ നടക്കുന്ന ബെഞ്ച് മാറ്റിയതിനാൽ മോചനം വൈകുന്നു, വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് നവംബർ 17ന് ഹർജി പരിഗണിക്കുന്നതിനായി മാറ്റി, റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കി ഇന്ത്യൻ എംബസി...!!
സൗദി അറേബ്യയിലെ റിയാദിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നു. കഴിഞ്ഞ ദിവസം റഹീമിന്റെ മോചന ഉത്തരവുണ്ടാകുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും അവസാന നിമിഷം നിരാശയായിരുന്നു ഫലം. കോടതി വിചാരണ നടക്കുന്ന ബെഞ്ച് മാറ്റിയതിനാൽ മോചനം വീണ്ടും നീണ്ടുപോകയാണുണ്ടായത്. കേസ് പരിഗണിക്കുന്ന ബെഞ്ച് ഏതാണ് എന്നത് സംബന്ധിച്ച സാങ്കേതികതകളും ഇതിന് കാരണമായി. വൻ തുക ബ്ലഡ് മണിയായി നൽകിയതിനെ തുടർന്നാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
എന്നാൽ തുക കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ജയിൽ മോചനം ഇനിയും സാധ്യമായിട്ടില്ലെന്നത് വലിയ ആശങ്കകൾക്ക് വഴിവയ്ക്കുകയാണ്. നിലവിൽ നവംബർ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയ്യതി 17ലേക്ക് മാറ്റിയിട്ടുള്ളത്. റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് മോചന കേസും പരിഗണിക്കേണ്ടത് എന്നും ഇത് ചീഫ് ജസ്റ്റീസ് അറിയിക്കും എന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം റഹീം കേസ് കോടതി മാറ്റിവച്ചത്. അതനുസരിച്ച് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ അറിയിച്ചു. തീയതി കുറച്ചുകൂടി നേരത്തെയാക്കാൻ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നുണ്ട്. ഈ മാസം 21ന് കോടതിയിൽ സിറ്റിങ്ങുണ്ടായിരുന്നെങ്കിലും ആ ബെഞ്ച് ഒരു തീരുമാനവുമെടുക്കാതെ ചീഫ് ജസ്റ്റീസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു.
ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചന ഹർജി കൈമാറിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങളെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാൽ റഹീമിന്റെ മോചനം ഇനിയുളള കോടതി നടപടിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സിറ്റിങ്ങിൽ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. നീണ്ട 18 വർഷത്തെ ശ്രമത്തിന് ശുഭാന്ത്യമുണ്ടാവാൻ ദിവസങ്ങൾ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായ സമിതി ചെയർമാൻ സി.പി മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ. സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.
അനുകൂല വിധി വന്നാൽ അബ്ദുൽ റഹീമിനെ മോചിപ്പിച്ചുകൊണ്ടുള്ള വിധി വന്നാലുള്ള നടപടിക്രമങ്ങൾ ഇങ്ങിനെയാണ്. കോടതിയുടെ വിധിപകർപ്പ് റിയാദ് ഗവർണറേറ്റ്, ജയിൽ വകുപ്പ് എന്നിവിടങ്ങളിലേക്ക് അയച്ച് ജവാസാത്തിൽ (പാസ്പോർട്ട് വിഭാഗം) നിന്ന് ഫൈനൽഎക്‌സിറ്റ് നേടിയെടുത്ത ശേഷം റഹീമിനെ നാട്ടിലേക്ക് അയക്കും. ഇതിന് ഒരു മാസമെങ്കിലും വേണ്ടി വരും. അബ്ദുൽ റഹീമിന് ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള സന്നദ്ധത സൗദി കുടുംബം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ റഹീമിന്റെ മോചനം സംബന്ധിച്ച കോടതി ഉത്തരവ് വന്നാൽ റഹീമിന് പുറത്തിറങ്ങാം.
ജയിലിൽനിന്ന് റിയാദ് വിമാനത്താവളം വഴിയാകും റഹീമിനെ കേരളത്തിലേക്ക് മടക്കി അയക്കുക. സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചിരുന്നത്. ലോകമെമ്പാടുമുള്ള മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും ഉദാരമായ സംഭാവനകളുടെ കൂടി ഫലമായാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്നും മോചിപ്പിക്കുന്നതിന് ആവശ്യമായ തുക സ്വരൂപിച്ചത്.
പതിനഞ്ചു മില്യൻ റിയാൽ (ഏകദേശം 35കോടി ഇന്ത്യൻ രൂപ) കൊല്ലപ്പെട്ട സൗദി കുടുംബത്തിന് ദയാധനമായി നൽകി. റിയാദ് കേന്ദ്രീകരിച്ച് രൂപീകരിച്ച റഹീം നിയമസഹായ വേദിയാണ് പണം സ്വരൂപിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. കുടുംബത്തിനുള്ള ദയാധനം കഴിഞ്ഞ മാസമാണ് കൈമാറിയത്.
https://www.facebook.com/Malayalivartha