പ്രവാസിയുടെ യാത്ര മുടക്കി തെരുവുനായ, ഷാര്‍ജയിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റു, ടെർമിനലിനുള്ളിലേക്ക് കടക്കുന്നതിനിടെ സംഭവിച്ചത്...!!!
യുഎഇയിലേക്ക് പോകാനെത്തിയ പ്രവാസിയുടെ യാത്ര മുടങ്ങി. ഇതിന് കാരണമായതാകട്ടെ, തെരുവുനായ. ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന് കാരണമായ സംഭവം ഉണ്ടായത്. യാത്രക്കായി വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റതോടെയാണ് നാട്ടിൽ നിന്ന് തിരികെ പോകാൻ സാധിക്കാതെ വന്നത്. ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു മാരാമണ്‍ സ്വദേശിയായ എബി ജേക്കബ്.
ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകേണ്ടതായിരുന്നു. ലഗേജ് ട്രോളി എടുക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നായയുടെ കടിയേറ്റത്. ടെർമിനിലിനുള്ളിലേക്ക് കടക്കുന്നതിന് ലഗേജുൾപ്പെട്ട സാധനങ്ങളുമായി ട്രോളികൾ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരൻ പറഞ്ഞു. കാല്‍മുട്ടിന് താഴെയായി നായ ആക്രമിക്കുകയായിരുന്നു.
സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി സ്ഥലത്തുനിന്ന് നായയെ തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറൽ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി. ഉടൻ തന്നെ വിമാനത്താവളത്തിലെ ആംബുലൻസിൽ യാത്രക്കാരനെ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
എന്നാൽ രാജ്യാന്തര ടെർമിനലിന്റെ വെയ്റ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ച് ഏറെനാളായി പരാതി ഉണ്ടെങ്കിലും പരിഹാര നടപടിയുണ്ടായിട്ടില്ല. ഇത്തരത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയും കൊടുക്കാത്തതിൽ വലിയ തരത്തിൽ വിമർശനം ഉയരുകയാണ്.
നായകളെ വിമാനത്താവള പരിസരത്തുനിന്ന് ഒഴിപ്പിക്കുന്നതിന് പലതവണ കോർപ്പറേഷന് കത്തുനൽകിയിട്ടുണ്ട്. ഇങ്ങനെ പോയാൽ ഭയം കാരണം യാത്രക്കാർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നതിൽവരെ കാര്യങ്ങൾ എത്തും. എന്നാൽ ഇതിൽ എയർപ്പോർട്ട് അതോറിറ്റി യാതൊരുവിധ വിശദീകരണവും നൽകിയിട്ടില്ല. കടിയേറ്റ യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസം യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിയെന്നും മാത്രമാണ് സംഭവത്ചിൽ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha