പ്രവാസികളെ ലക്ഷ്യമിട്ട് വിമാനകമ്പനികൾ, ക്രിസ്മസും ന്യൂയറും മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ മൂന്നിരട്ടിയാക്കും, മുൻകൂട്ടി ബുക്കുചെയ്താലും നിരക്കുകളിൽ കുറവുണ്ടാകില്ല, പ്രതിസന്ധിയിലായി മലയാളി കുടുംബങ്ങൾ
കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്താൻ വിമാനകമ്പനികൾ ഒരുങ്ങുന്നു. പതിവ് തെറ്റിക്കാതെ സീസണുകളിൽ നിരക്ക് കൂട്ടാറുള്ള നീക്കം ഇത്തവണയും യാത്രക്കാർ പ്രതീക്ഷിക്കേയിരിക്കുന്നു. ക്രിസ്മസും ന്യൂയറും മുന്നിൽക്കണ്ടാണ് ഇപ്പോൾ ടിക്കറ്റ്നിരക്ക് കൂട്ടുന്നത്. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടിയാണ് ഡിസംബറിലുണ്ടാവുക. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്താലും നിരക്കുകളിൽ കുറവുണ്ടാകില്ലെന്നാണ് ട്രാവൽ ഏജൻസി അധികൃതർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സൂചന അവർക്ക് ലഭിച്ചിട്ടുണ്ടാകാം.
യുഎഇയിൽ നിന്ന് ക്രിസ്മസിനും പുതുവർഷാഘോഷത്തിനും നാട്ടിലേക്കുപോകുന്ന മലയാളി കുടുംബങ്ങൾക്ക് നിരക്ക് വർധനവ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സീസണുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്ന വിമാനകമ്പനികളുടെ ഈ പ്രവണത മലയാളികളായ പ്രവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും പലരും ഈ നഷ്ടം സഹിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരാകേണ്ടി വരാറുണ്ട്. ഇത് മുതലാക്കുകയാണ് ചെയ്യുന്നത്. ഒരു വിഭാഗം പേർ എല്ലാം മുന്നിൽക്കണ്ട് ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യാറുണ്ട്. ഇത്തവണ അത്തരക്കാർക്കും രക്ഷയില്ല എന്നാണ് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കുന്നത്.
ഈ മാസം ശരാശരി 400 ദിർഹത്തിന് ഏകദേശം 9,188 രൂപയ്ക്ക് യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യാം. എന്നാൽ, ഡിസംബർ 10-ന് ശേഷം ഇതൊന്നുമല്ല അവസ്ഥ. ഇരട്ടിയിലധികമാണ് ഡിസംബറിൽ ടിക്കറ്റ് നിരക്ക്. അതായത് 850 ദിർഹം ഏകദേശം 19,525 രൂപ മുതൽ മുകളിലേക്കാണ് കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടിവരാനുള്ള വിമാന ടിക്കറ്റ് നിരക്ക്. ഏറ്റവും കുറവ് നിരക്ക് പ്രതീക്ഷിക്കുന്ന റാസൽഖൈമയിൽ നിന്ന് കേരളത്തിലേക്ക് ഒറ്റദിശയിലേക്കുമാത്രമുള്ള ശരാശരി നിരക്കാണിത്. പിന്നെ മറ്റ് വിമാനത്താവളങ്ങളിലെ നിരക്ക് ഇതിലും കൂടുതലാണ്.
യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് 1000 ദിർഹത്തിന് ഏകദേശം 22,971 രൂപ മുകളിലാണ് കേരളത്തിലേക്കുള്ള നിരക്ക്. കേരളത്തിൽനിന്നുള്ള റിട്ടേൺ ടിക്കറ്റടക്കം കണക്കാക്കുമ്പോൾ നിരക്കുവർധന സാധാരണകുടുംബങ്ങൾക്ക് കനത്ത സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നത് വ്യക്തമാണ്.
ക്രിസ്മസ് പ്രമാണിച്ച് യുഎഇയിലെ സ്കൂളുകൾ ഡിസംബർ 10-ന് ശേഷം അടയ്ക്കാൻ തുടങ്ങും. ജനുവരി അഞ്ചുമുതലാണ് അധ്യയനം പുനരാരംഭിക്കുക. അബുദാബി, ദുബായ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഡിസംബർ 13 മുതൽ ജനുവരി ആറുവരെയാണ് ക്രിസ്മസ് അവധി. ഷാർജയിൽ ഡിസംബർ 23 മുതൽ ജനുവരി ആറുവരെയാണ്.
റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിൽ ഡിസംബർ 14 മുതൽ ജനുവരി അഞ്ചുവരെയായിരിക്കും സ്കൂൾ അവധിദിനങ്ങൾ. അതിനാൽ ഭൂരിഭാഗം കുടുംബങ്ങളും ഡിസംബർ 10 മുതൽ ജനുവരി 10 വരെയായിരിക്കും യാത്രചെയ്യുക. അതുകൊണ്ടാണ് ഈ സമയത്ത് വിമാനയാത്രാനിരക്കിൽ വൻവർധനവ് ഏർപ്പെടുത്തിയത്. നിരക്കുകൾ ഇതിലും ഉയരാനാണ് സാധ്യത. ക്രിസ്മസും ന്യൂയറും എല്ലാം മുന്നിൽ കണ്ട് എത്ര ശതമാനം നിരക്ക് വർദ്ധനവാണ് കമ്പനികൾ പദ്ധതിയിടുന്നതെന്ന് കാത്തിരുന്നു കാണാം.
അതേസമയം ദീപാവലി സീസണിൽ വിമാന ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കുകളില്‍ ലഭിക്കുമെന്ന് കരുതിയവരുടെ കണക്കൂട്ടലുകൾ അപ്പാടെ തെറ്റിച്ചായിരുന്നു നീക്കം. ദീപാവലി സീസണില്‍ അവസാന മണിക്കൂറുകളില്‍ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍ യാത്രക്കാരെ ഞെട്ടിച്ചു. അവസാന നിമിഷങ്ങളില്‍ ഒഴിഞ്ഞ സീറ്റുകളുമായി സര്‍വ്വീസ് നടത്തേണ്ടി വരുന്നത് ഒഴിവാക്കാന്‍ കുറഞ്ഞ നിരക്കിലായിരുന്നു വില്‍പ്പന. ഇതുമൂലം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് കൂടിയ നിരക്കില്‍ യാത്ര ചെയ്യേണ്ടതായി വന്നു. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭമില്ലെന്നാണ് വിമാന കമ്പനികളുടെ മാറിയ നയങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha