അമിത വേഗതയിൽ പിറകിലേക്ക് എടുത്ത വാഹനം ഇടിച്ചു തെറിപ്പിച്ചു, സൗദിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സക്കിടെ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി...!!!
സൗദിയിൽ സ്വദേശി പൗരൻ അമിത വേഗതയിൽ പിറകിലേക്ക് എടുത്ത വാഹനം ഇടിച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ (54) മൃതദേഹം ബുറൈദ ഖലീജ് മഖ്ബറയിൽ ഖബറടക്കുകയായിരുന്നു. പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ഖബറടക്കത്തിൽ വൻ ജനാവലി പങ്കെടുത്തു.
ഒക്ടോബർ 28 നാണ് അപകടം. രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ ജോലി കഴിഞ്ഞ് കടയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി നടന്നുവരുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന കാർ റാഫിയെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
32 വർഷമായി മുഹമ്മദ് റാഫി ബുറൈദയിൽ തയ്യൽ ജോലി ചെയ്യുകയായിരുന്നു. ഖസീം പ്രവാസി സംഘം ശാര സനാഇയ യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയയിരുന്നു. കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ - ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജറ. അനസ്, അനീഷ്, റഫാൻ എന്നിവർ മക്കളാണ്.
https://www.facebook.com/Malayalivartha