ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ, റഹീമിന്റെ മോചന ഉത്തരവ് വൈകുന്നതിന് കാരണം പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലം, വിശദമായ പരിശോധന നടത്താൻ തീരുമാനം, കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച് കോടതി
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി 34 കോടി ദിയ ധനം സമാഹരിച്ചു നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം നീളുന്നത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി പറയാൻ തയാറായെങ്കിലും പിന്നീട് തീയതി മാറ്റി. എന്നാൽ കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി.
കേസിന്റെ തുടക്കത്തിൽ റഹീമിനെതിരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ തന്നെയാണ് ഇപ്പോഴും പ്രധാന തടസ്സം. കൊലപാതകം വ്യക്തമാക്കിയ കുറ്റസമ്മത മൊഴി, റഹീമിനെതിരെ കൂട്ടുപ്രതി നസീര്‍ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കോടതിയിലെത്തി.
ഓൺലൈൻ ആയാണ് റഹീം ഹാജരായത്. മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും റഹീം ബോധിപ്പിച്ചു. അംഗപരിമിതിയുളള ബാലന്‍ തുടരെ മുഖത്തേയ്ക്ക് തുപ്പിയപ്പോള്‍ സ്വാഭാവികമായി കൈകൊണ്ട് തടയുക മാത്രമാണ് ചെയ്തതെന്ന് റഹീം കോടതിയില്‍ വ്യക്തമാക്കിയെങ്കിലും പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളിൽ കോടതി പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു. റിയാദ് ക്രിമിനൽ കോടതിയാണ് മോചന ഉത്തരവിനുള്ള സിറ്റിംഗ് നടത്തിയത്. എട്ട് മിനിറ്റോളം കോടതി കേസ് പരിഗണിച്ചു. ഇതിന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി റിയാദിലെ നിയമ സഹായ സമിതിയാണ് അറിയിച്ചത്.
പ്രൈവറ്റ് റൈറ്റ് പ്രകാരം ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് കൊടുത്ത്, വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം യാഥാർത്ഥ്യമാകാൻ പബ്ലിക് റൈറ്റ് പ്രകാരം കൂടി വിടുതൽ കിട്ടണം. ഇനി പരിഗണിക്കുമ്പോൾ പബ്‌ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യാനാണ് സാധ്യത. റഹീം സ്ഥിരം കുറ്റവാളിയല്ലെന്നതും മറ്റു കേസുകളില്‍ പ്രതിയുമല്ലെ്നതും തുണയായേക്കും. 18 വര്‍ഷമായി തുടരുന്ന തടവ് പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷയായി പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങിൽ അന്തിമ ഉത്തരവ് വന്ന് റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്നായിരുന്നു റിയാദിലെ റഹീം നിയമസഹായ സമിതിയും ലോകമെമ്പാടുമുള്ള മലയാളികളും പ്രതീക്ഷിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയാക്കി. ഇനി റിയാദ് ക്രിമിനൽ കോടതിയുടെ അന്തിമ ഉത്തരവ് മാത്രമാണ് പുറത്തുവരാനുള്ളത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു. രാവിലെ എട്ടര മണിക്കാണ് കോടതി കേസ് പരിഗണിച്ചത്. ഇതിന് ശേഷമായിരുന്നു സിറ്റിംഗ് നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
റഹീമിന്റെ മോചനത്തിനായി വേണ്ടിയിരുന്നത് 34 കോടി രൂപയായിരുന്നു. എന്നാൽ ലോക മലയാളികൾ എല്ലാം റഹീമിന്റെ ജീവൻ രക്ഷിക്കാനായി ഒന്നിച്ചപ്പോൾ ലഭിച്ചത് 47.87 കോടി രൂപയാണ്. റഹീം നിയമസഹായ സമിതി പുറത്തുവിട്ട കണക്കിൽ മോചനത്തിന് ആവശ്യമായ ദയധനവും അഭിഭാഷകന്‍റെ ചെലവും അടക്കും 36.27 കോടി രൂപ ചെലവുവന്നിട്ടുണ്ട്. 11.60 കോടി രൂപ ഇനി ബാക്കിയുണ്ട്. ബാക്കിയുള്ള തുക റഹീം തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും റഹീം നിയമസഹായ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
https://www.facebook.com/Malayalivartha