കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
സൗദിയിൽ കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് ജുബൈലിൽ മരിച്ചത്. ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയുമായിരുന്നു. എന്നാൽ സ്ഥിതി വഷളായതോടെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജുബൈലിലെ ഒരു കെമിക്കൽ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു അബ്ദുൽ അസീസ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. അവഞ്ഞിപ്പുറം മുഹമ്മദിെൻറയും ആയിഷയുടെയും മകനാണ് അബ്ദുൽ അസീസ്. ഭാര്യ: ഷഹറ ബാനു, മക്കൾ: ആഷിഫ് ജസീം, ജമീൽ അഷ്ഫാഖ്, മിസാജ് എന്നിവരാണ്. സഹോദരങ്ങളായ മുഷറഫും ഉമറും ജുബൈലിൽ ഉണ്ട്.
https://www.facebook.com/Malayalivartha