താമസസ്ഥലത്ത് പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
താമസസ്ഥലത്ത് പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂര്‍, വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറു തോപ്പില്‍ പടീറ്റതില്‍, അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. ദമാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഉറങ്ങാന്‍ കിടന്ന അസീസ് പാചകവാതകം ചോര്‍ന്ന് മുറിയില്‍ നിറഞ്ഞിരുന്നത് അറിയാതെ ഉറക്കമുണര്‍ന്ന് ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടപ്പോള്‍ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു.
പൊട്ടിത്തെറിയോടൊപ്പം പരന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയില്‍ ദമാം സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരണത്തിന് കീഴടങ്ങി.
അതേസമയം നാട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് ജീവിത പ്രാരാബ്ധങ്ങള്‍ കാരണം രണ്ടര വര്‍ഷം മുന്‍പാണ് സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വീസയില്‍ സൗദിയിലെത്തിയത്.
"
രണ്ടു പെണ്‍കുട്ടികളുടെ പിതാവായ അസീസ് മൂത്തമകളുടെ വിവാഹം നടത്തിയിരുന്നു. പഠനം പൂര്‍ത്തീകരിച്ച ഇളയ മകളുടെ വിവാഹം നടത്തണം, കെട്ടുറപ്പുള്ള നല്ലൊരു വീട് അടക്കമുള്ള നിരവധി ആവശ്യങ്ങളും സ്വപ്നങ്ങളും പൂര്‍ത്തിയാക്കാനാണ് അസീസ് പ്രവാസ ജീവിതത്തിലേക്കെത്തിയത്.
നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയത്. അപകട വിവരമറിഞ്ഞ് ദമാമില്‍ തന്നെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മരുമകന്‍ അന്‍സര്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് എത്തിചേര്‍ന്നു.ഭാര്യ: ഷീജ, മക്കള്‍: ജാസ്മിന്‍, തസ്‌നി, മരുമകന്‍: അന്‍സര്‍ (സൗദി).
https://www.facebook.com/Malayalivartha