വീണ്ടും കോടികൾ വാരിക്കൂട്ടി പ്രവാസി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 57 കോടി, അരവിന്ദിന് ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും കോടികൾ വാരിക്കൂട്ടിയരിക്കുകയാണ് പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്‍ ആണ് 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല പ്രവാസിയായ അരവിന്ദിന് ലഭിച്ചത് 57 കോടി രൂപയാണ്. അതും, ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയ അരവിന്ദിന് സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
നവംബര്‍ 22ന് അരവിന്ദ് വാങ്ങിയ 447363 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ജീവിതം ഒറ്റ രാത്രി കൊണ്ടാണ് മാറിമറിഞ്ഞത്. 20 സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി തുടർച്ചയായി അരവിന്ദ് ടിക്കറ്റ് എടുക്കുന്നുണ്ട്. ആദ്യമായി ഫ്രീ ടിക്കറ്റിലൂടെ ഭാഗ്യം സ്വന്തമാക്കാനായി എന്നതും ഈ വിജയത്തിന്റെ പ്രത്യേകതയാണ്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും അരവിന്ദിനെ ഫോൺ വിളിച്ചു. ഭാര്യയോടൊപ്പം ഷോപ്പിങിന് ഇറങ്ങിയപ്പോഴാണ് തന്‍റെ ജീവിതം എന്നന്നേക്കുമായി മാറിമറിയുന്ന വിവരം അരവിന്ദ് അറിയുന്നത്. വിവരം അറിയുമ്പോള്‍ അല്‍ നഹ്ദയിലായിരുന്നു അദ്ദേഹം. തന്‍റെ സുഹൃത്ത് തൊട്ടുമുമ്പ് വിളിച്ച് കാര്യം പറഞ്ഞെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ സെയില്‍സ്മാനാണെന്ന് അരവിന്ദ് റിച്ചാര്‍ഡിനോട് പറഞ്ഞപ്പോള്‍, ഇനി കട മുതലാളിയാകാം എന്നാണ് അദ്ദേഹം തിരികെ പറഞ്ഞത്. "ഞാൻ വല്ലാത്ത ത്രില്ലിലാണ്. സ്വപ്നം യാഥാർത്ഥ്യമായത് പോലെ തോന്നുന്നു. രണ്ടു വർഷമായി ഞാൻ സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇപ്പോഴും ഗ്രാൻഡ് പ്രൈസ് എനിക്കാണ് എന്നത് ഉൾക്കൊള്ളാൻ ആയിട്ടില്ല. ലോണുകൾ അടച്ചു തീർക്കാൻ തുക ഉപയോഗിക്കും. ബാക്കി ഭാവിക്കായി കരുതിവെക്കും. ബിഗ് ടിക്കറ്റ് കളിക്കുന്ന എല്ലാവരോടും എനിക്കുള്ള സന്ദേശം ഇതാണ് - പരിശ്രമം ഉപേക്ഷിക്കരുത്. തുടർച്ചയായി ശ്രമിക്കൂ, ഭാഗ്യാന്വേഷണം തുടരൂ."എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ സന്തോഷത്തില്‍ അരവിന്ദിനൊപ്പം പങ്കുചേരാൻ മറ്റ് ചിലരുമുണ്ട്. അരവിന്ദിന്‍റെ പേരില്‍ 20 അംഗ സംഘം എടുത്ത ടിക്കറ്റാണ് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. ഈ സമ്മാനത്തുക ഇവര്‍ 20 പേരും പങ്കിട്ടെടുക്കും. 2022ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഗ്രാൻഡ് പ്രൈസ് ഒരു വിജയിക്ക് നേടാൻ അവസരം ലഭിക്കുന്നത്.
ബിഗ് ടിക്കറ്റിന്‍റെ ബിഗ് വിന്‍ മത്സരത്തില്‍ മറ്റ് നാല് പേര്‍ കൂടി വിജയികളായി. മലയാളിയായ അബ്ദുല്‍ നാസര്‍ ഒരു ലക്ഷം ദിര്‍ഹം നേടി. മൂന്ന് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്ന മലയാളിയായ ആകാശ് രാജ് 70,000 ദിര്‍ഹം സ്വന്തമാക്കി. നിര്‍മ്മാണ തൊഴിലാളിയായ എംഡി മെഹെദി 50,000 ദിര്‍ഹവും മുഹമ്മദ് ഹനീഫ് 75,000 ദിര്‍ഹവും സ്വന്തമാക്കി. ഒരു രാത്രി കൊണ്ട് ഇവരുടെയെല്ലാം ജീവിത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
അബുദാബി ബിഗ്ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരുക്കലെങ്കിലും സുഹൃത്തുക്കളുമായി ചേർന്നെങ്കിലും ടിക്കറ്റ് എടുത്ത് തലവര മാറുമോയെന്ന് പരീക്ഷണം നടത്താത്ത ആരും തന്നെയുണ്ടാകില്ല. എല്ലാ നറുക്കെടുപ്പിലും ഒരു സമ്മാനം മലയാളിക്ക് ഉറപ്പാണ് അതിനാൽ മലയാളികളെകൊണ്ട് ടിക്കറ്റ് എടുപ്പിച്ചാണ് അറബികൾ പോലും ഭാഗ്യം പരീക്ഷണം നടത്തുന്നത്. ബിഗ് ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചും ടിക്കറ്റ് വാങ്ങാവുന്നതാണ്.
https://www.facebook.com/Malayalivartha