ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിക്കും, വ്യവസായിയെ ഹണി ട്രാപ്പിൽ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ, 2023ൽ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ ഷമീമ ഹണി ട്രാപ്പ് കേസിലും പ്രതി, കൂട്ടാളിയായി ഭർത്താവ്
പ്രവാസികളെ വലയിലാക്കി പണം തട്ടുന്ന സംഘങ്ങൾ ഇപ്പോഴും കേരളത്തിൽ സജീവം. ഭീഷണിപ്പെടുത്തിയും ഹണിട്രാപ്പിൽപ്പെടുത്തിയും പണം കൈക്കലാക്കുന്ന ഇത്തരക്കാർക്കെതിരെ മാനക്കേട് ഭയന്ന് അധികമാരും കേസ് കൊടുക്കാറില്ല. ഇത് മുതലാക്കിയാണ് പ്രവർത്തനം. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന കാസർഗോഡ് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2013ൽ ഹണി ട്രാപ്പ് കേസിലെ പ്രതികളാണ് അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷമീമയും രണ്ടാം പ്രതിയും ഇവരുടെ ഭർത്താവുമായ ഉബൈസുമെന്ന് ഡിവൈഎസ്പി കെ.ജെ ജോൺസൺ പറഞ്ഞു.
കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ 2013ൽ ആണ് ഷമീമ ഹണി ട്രാപ്പിൽ കുരുക്കിയത്. സംഭവത്തിൽ ഇവർ 14 ദിവസം റിമാൻഡിലായിരുന്നു. പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിച്ച് കാസർകോടേക്ക് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്. യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഷമീമയും ഭർത്താവും ബലംപ്രയോഗിച്ച് ഇയാളുടെ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ഷമീമയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. കേസിൽ ഇവർ 14 ദിവസം ജയിലിൽ കിടന്നിരുന്നു. ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ഷമീമ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ഷമീമക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷമീമയുടെ തട്ടിപ്പിൽ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ട്. എന്നാൽ നാണക്കേട് കാരണം പലരും പരാതി നൽകുന്നില്ലെന്ന് ഡിവൈഎസ്പി പറയുന്നു.
മന്ത്രവാദിനിയായ ഷമീമയും ഭർത്താവും പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയതും തട്ടിയെടുത്ത സ്വർണം തിരികെ നൽകേണ്ടി വരുമെന്ന് കരുതിയാണ്. കേസിൽ ഇവരെ കൂടാതെ പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് ഗഫൂറിന്‍റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തിയാണ് ഇവർ സ്വർണം തട്ടിയെടുത്തത്. 596 പവൻ സ്വർണമാണ് മന്ത്രവാദ സംഘം തട്ടിയത്. മരിച്ച അബ്‌ദുൽ ഗഫൂർ 12 ബന്ധുക്കളിൽനിന്നും സ്വരൂപിച്ച സ്വർണവും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്വർണം കൈക്കലാക്കിയ ശേഷം പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. കുറച്ച് സ്വർണം മൂന്നോളം ജ്വല്ലറികളിൽ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വർണ വ്യാപാരികളിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്.
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്‌ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ബന്ധു വീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചത്. അതിനാൽ തന്നെ അബ്ദുൽ ഗഫൂറിന്റെ മരണം പ്രാരംഭത്തിൽ സ്വാഭാവിക മരണമാണെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് സ്വർണം നഷ്ടമായിയെന്ന കാര്യം ബന്ധുക്കൾ മനസ്സിലാക്കിയത്. ഇതോടെയാണ് പ്രവാസിയുടെ മരണത്തിൽ സംശയം ഉണ്ടായത്. അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha