അടുത്ത വർഷത്തോടെ വിമാനങ്ങളുടെ എണ്ണം ഉയർത്തും, വീണ്ടും നൂറ് എയർബസ് വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി എയർ ഇന്ത്യ
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ നവീകരണത്തിന്റ പാതയിലാണ്. അടുത്ത വർഷത്തോടെ വിമാനങ്ങളുടെ എണ്ണം ഉയർത്താനും സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്ക് പുറമേ വീണ്ടും നൂറ് വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങുകയാണ് വിമാനകമ്പനി. അധിക 100 എയർബസ് വിമാനങ്ങൾ എത്തുന്നത് എയർ ഇന്ത്യയുടെ വളർച്ചക്ക് കൂടുതൽ സഹായകരമാകും. ഇതിനോടകം വിമാനങ്ങൾ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.
ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള എയർ ഇന്ത്യയുടെ വിപുലീകരണത്തിൻ്റെ ഭാഗമായാണ് കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നത്. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു. അധിക 100 എയർബസ് വിമാനങ്ങൾ വാങ്ങുന്നതോടെ കൂടുതൽ വളർച്ചയുടെ പാതയിൽ എയർ ഇന്ത്യയെ എത്തിക്കാനാകും ഇന്ത്യയെ ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും ബന്ധിപ്പിക്കുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തിന് സംഭാവന നൽകാനും സഹായിക്കുമെന്ന് ടാറ്റ സൺസ് ആൻഡ് എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.
ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ലോകത്തെ മികച്ച പല രാജ്യങ്ങളെയും മറികടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഒരുക്കുന്നുണ്ട്. ആഗോളതലത്തിൽ വിമാനയാത്രക്കാരായ യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യ എയർ ക്രാഫ്റ്റ് നിര വിപുലീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
40 എ350 വിമാനങ്ങളും എ320 കുടുംബത്തില്‍ പെട്ട 210 വിമാനങ്ങളും ഉള്‍പ്പെടെ 250 എയര്‍ബസ് വിമാനങ്ങളാണ് നേരത്തെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. പുതിയ ഓര്‍ഡര്‍ കൂടെ ചേര്‍ക്കുന്നതോടെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആകെ എയര്‍ബസ് വിമാനങ്ങളുടെ എണ്ണം 350 ആയി. ഇതില്‍ ആറ് എ350 വിമാനങ്ങളാണ് ഇതുവരെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. ബോയിങ്ങിന്റെ 220 വൈഡ് ബോഡി, നാരോ ബോഡി വിമാനങ്ങളും കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതില്‍ 185 വിമാനങ്ങള്‍ കൂടിയാണ് ഇനി കിട്ടാനുള്ളത്.
റോള്‍സ് റോയ്‌സ് എക്‌സ്.ഡബ്ല്യു.ബി. എഞ്ചിനുകള്‍ കരുത്തേകുന്ന എയര്‍ബസ് എ350 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ. സുഖകരമായ ദീര്‍ഘദൂര-അന്താരാഷ്ട്ര യാത്രകള്‍ പ്രദാനം ചെയ്യാന്‍ എ350 വിമാനങ്ങള്‍ക്ക് കഴിയും. നിലവിൽ ഡൽഹിയിൽനിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമെല്ലാം ഈ വിമാനം നേരിട്ട് സർവീസ് നടത്തുന്നുണ്ട്. എ320 കുടുംബത്തിലെ വിമാനങ്ങള്‍ പ്രധാനമായും ആഭ്യന്തര-ഹ്രസ്വദൂര സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha