ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നൽകാനുള്ള നീക്കം... ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി..സാധാരണഗതിയിൽ ഇളവു നൽകാനാകില്ല...
ഇന്നും സി പി എം പാർട്ടിക്കും പ്രസ്ഥാനത്തിനും ഒരുപോലെ തലവേദനയാണ് ടി പി ചന്ദ്രശേഖരൻ . ഇപ്പോഴും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ . ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നൽകാനുള്ള നീക്കം പൊളിഞ്ഞതിന്റെ പേരിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയ വിട്ടയക്കേണ്ടവരുടെ പട്ടിക ചോർന്നതോടെയാണു നീക്കം പുറത്തറിഞ്ഞത്.
കഴിഞ്ഞ ജൂണിൽ പട്ടിക കൈമാറിയ ജയിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ 6 മാസം കഴിഞ്ഞിട്ടും പിൻവലിക്കാത്ത സർക്കാർ, ഇവർക്കെതിരെ കടുത്ത ശിക്ഷാ നടപടിയെടുത്തു റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്ക് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി കൈമാറിയ കത്തിന്റെ പകർപ്പ് ‘മനോരമ’യ്ക്കു ലഭിച്ചു. ടി.പി കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്നു കണ്ടെത്താൻ ‘ശ്രമിക്കാത്ത’ ആഭ്യന്തരവകുപ്പ്, പട്ടിക പുറത്തായതിന്റെ പേരിൽ മാത്രമാണു നടപടിക്കു മുതിരുന്നത്.ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത് എന്നിവരാണു ശിക്ഷയിളവു പട്ടികയിലുണ്ടായിരുന്നത്.
നീക്കം വിവാദമാതോടെ, കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസി.സൂപ്രണ്ട് ബി.ജി.അരുൺ, അസി. പ്രിസൺ ഓഫിസർ ഒ.വി.രഘുനാഥ് എന്നിവരെ ജൂൺ 17നു മുഖ്യമന്ത്രി നേരിട്ടു സസ്പെൻഡ് ചെയ്തു. ക്വട്ടേഷൻ കൊലപാതകം നടത്തിയവർക്കു സാധാരണഗതിയിൽ ഇളവു നൽകാനാകില്ല.രജീഷും ഷാഫിയും ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഫെബ്രുവരിയിൽ ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ 2023 ജനുവരി 30നു പട്ടിക തയാറാക്കുമ്പോഴും, 2024 മേയ് 30ന് ഇതു പരിഷ്കരിച്ചപ്പോഴും ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർ ഈ സമയത്തു ചുമതലയുണ്ടായിരുന്നവരല്ല.90 ദിവസത്തിനപ്പുറം സസ്പെൻഷൻ നീട്ടാറില്ലെന്നിരിക്കെയാണ് 6 മാസമായിട്ടും തിരിച്ചെടുക്കാത്തത്. തിരിച്ചെടുക്കണമെന്ന് അഭ്യർഥിച്ച് ഉദ്യോഗസ്ഥർ ജയിൽവകുപ്പ് മേധാവിക്കു സമർപ്പിച്ച അപേക്ഷ സർക്കാരിനു കൈമാറിയപ്പോഴാണ്, കടുത്ത നടപടിക്കു നിർദേശിച്ചത്. ഇൻക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കും. ടി.പി കേസ് പ്രതികൾക്കു ലഭിക്കില്ലെന്നു വന്നതോടെ, ശിക്ഷയിളവ് പട്ടിക അപ്പാടെ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചിരുന്നു.ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് വിമർശനം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha