ഭക്ഷണത്തിന് പോലും കാശില്ല, കൃത്യമായി ശമ്പളം നൽകാതെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി, ഷാർജയിൽ കൊടും ദുരിതത്തിൽ തൃശൂർ സ്വദേശികളായ യുവാക്കൾ, പാസ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും സാധിക്കാത്ത ഗതികേടിൽ യുവാക്കൾ, വിഷയത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി
യുഎഇയിൽ ശമ്പളം കൃത്യമായി നൽകാതെ പ്രവാസികളെ ദുരിതത്തിൽ ആക്കി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. ഷാർജയിൽ വെൽഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. ശമ്പളമില്ലാത്തത് മൂലം സ്വന്തമായി ഭക്ഷണം വാങ്ങി കഴിക്കാൻ പോലും കൈയ്യിൽ പണമില്ലാതെ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. ശ്രീജിത്ത് എന്ന മലയാളിയാണ് മൂവർക്കും ആഹാരം ഉൾപ്പടെ വാങ്ങി നൽകുന്നത്.
കമ്പനി ഉടമ പാസ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും സാധിക്കാത്ത ഗതികേടിലാണ് ഇവർ. ഒന്നര വർഷമായി ജോലി ചെയ്യുന്നുവെന്നും ഇന്നേ വരെ കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്ന് യുവാക്കളിലൊരാൾ പറഞ്ഞു. ചില മാസങ്ങളിൽ പത്തോ ഇരുപതോ ദിവസം വൈകിയാകും ശമ്പളം തരിക. ചിലപ്പോൾ ഇത് രണ്ട് മാസം വരെ പിടിച്ചുവയ്‌ക്കാറുണ്ടെന്നും ഇവർ പറയുന്നു. ശമ്പളം ലഭിക്കാത്തതിനാൽ ഇവരെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാണ്.
ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ശ്രീജിത്ത് എന്ന മലയാളി വിഷയം കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ഇവരുടെ ദുരിത ജീവിതത്തിന് അവസാനിക്കുന്നത്. ഭയപ്പെടേണ്ടെന്നും എത്രയും വേഗം നാട്ടിലെത്താനുള്ള സംവിധാനം സജ്ജമാക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു.
അടിയന്തിരമായി വിഷയത്തിലേർപ്പെട്ടതോടെ ഉടൻ നാട്ടിലേക്ക് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇത്തരത്തിൽ നിരവധി പ്രവാസികൾ കമ്പനികളുടെ ചൂഷണത്താൽ ശമ്പളം കിട്ടാതെ ബുദ്ധിമൂട്ട് അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎഇയിലെ സ്വകാര്യ കമ്പനികൾ തൊഴിലാളികളോട് പുലര്‍ത്തേണ്ട പ്രത്യേക ബാധ്യതകള്‍ എന്തൊക്കെയെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം ഒരുക്കാത്ത കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകണമെന്നത് നിർബന്ധമാണ്. അതുപോലെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് കാർഡ് തുടങ്ങി തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കുകയോ തൊഴില്‍ ബന്ധം അവസാനിച്ചാല്‍ രാജ്യം വിടാന്‍ അവരെ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു.
തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം. തൊഴിലാളിയെ ദോഷകരമായി ബാധിക്കുന്നതോ അവരുടെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നതോ ആയതൊന്നും തൊഴിൽ പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ പാടില്ല. ജോലി മതിയാക്കുന്ന തൊഴിലാളി സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കിൽ ആനുകൂല്യങ്ങൾക്കൊപ്പം വിമാനയാത്രാ ടിക്കറ്റും നൽകണെന്നും ഇതിൽ പറയുന്നു.
ഒരാളെ ജോലിക്കെടുക്കുന്നതിന് മുൻപ് അയാളുടെ ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. അതിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴിൽനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ ആധികാരികത പരിശോധിച്ചറിയാനാകും.
തൊഴില്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോള്‍ അതിലെ ജോലി നേരത്തേയുള്ള ജോബ് ഓഫറിന് സമാനമായിരിക്കണം. മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി തൊഴിലാളികളുടെ ഫയലുകളും രേഖകളും സൂക്ഷിക്കേണ്ടത് ഇതില്‍ പ്രധാനമാണ്. തൊഴിലാളിയുടെ സേവനം അവസാനിച്ച തീയതിക്ക് ശേഷം രണ്ട് വര്‍ഷം വരെ ഈ ഫയലുകള്‍ സൂക്ഷിക്കണമന്നും സ്വകാര്യ കമ്പനികൾക്കുള്ള നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha