പ്രാര്‍ഥനകളും ഇടപെടലുകളും വിഫലമാക്കി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റിന്റെ അനുമതി
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷദ് അല്‍-അലിമി അനുമതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കുന്നത് എന്നാണു വിവരം.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്നു നിമിഷപ്രിയയുടെ മോചനശ്രമത്തിനു മുന്നിലുള്ള അഡ്വ.സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ''ഒരു ചാനലിലാണു വാര്‍ത്ത കണ്ടത്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ആക്ഷന്‍ കൗണ്‍സിലിന്റെ ഗ്രൂപ്പില്‍ ആരും അറിഞ്ഞിട്ടില്ല. യെമനിലുള്ള ആളുകള്‍ കൂടിയുള്ള ഗ്രൂപ്പാണിത്. നിമിഷപ്രിയയുടെ മോചനത്തിനു മുന്നോടിയായുള്ള ചര്‍ച്ചകളുടെ ഒന്നാംഘട്ടത്തിനു തുക കൊടുത്തിരുന്നു. അടുത്തഘട്ട ചര്‍ച്ചയ്ക്കു പണം ചോദിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വിവരമാണു കിട്ടിയിരുന്നത്. നിമിഷയുടെ അമ്മ പ്രേമകുമാരി യെമനിലുണ്ട്. അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്''- സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളര്‍ കൂടി (ഏകദേശം 16.60 ലക്ഷം) ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെ മോചനശ്രമം നിലച്ചമട്ടാണ്. ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറി. ആകെ 40,000 യുഎസ് ഡോളറാണു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നല്‍കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.
തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നല്‍കാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമന്‍ തലസ്ഥാനമായ സനായിലെത്തിച്ചിട്ട് 5 മാസമായി. സനായില്‍ സേവ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോമിന്റെ വസതിയിലാണു പ്രേമകുമാരി ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha