ഒമാനിൽ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണ് കൊല്ലം സ്വദേശി മരിച്ചു
ഒമാനിൽ സുഹൃത്തിന്റെ വീട്ടിൽ വീണ് പ്രവാസി മരിച്ചു. കൊല്ലം വള്ളിക്കാവ് ക്ലാപ്പന സ്വദേശി വട്ടശ്ശേരിക്കളം വീട്ടിൽ ബേബി എന്ന് വിളിക്കുന്ന സ്റ്റാൻലി തോമസ് (55) ആണ് സലാലയിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിലധികമായി സലാലയിൽ നിർമ്മാണ കമ്പനി നടത്തി വരികയായിരുന്നു സ്റ്റാൻലി. കത്തോലിക്ക സഭാഗമായ ഇദ്ദേഹം ദാരീസിലെ ചർച്ചുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ബീന, മക്കൾ സിബി,സ്നേഹ എന്നിവരാണ്.
https://www.facebook.com/Malayalivartha