മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്തുള്ള, പഴയ സ്വർണ്ണകടത്ത് കേസുകൾ പൊടി തട്ടിയെടുക്കാൻ കസ്റ്റംസ് ആലോചന..സി പി എം നേതാക്കളും പ്രവർത്തകരും പ്രതിയായിട്ടുള്ള സ്വർണ്ണ കടത്തുകളും ജീവൻവയ്ക്കും..
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്തുള്ള പഴയ സ്വർണ്ണകടത്ത് കേസുകൾ പൊടി തട്ടിയെടുക്കാൻ കസ്റ്റംസ് ആലോചന. സി പി എം നേതാക്കളും പ്രവർത്തകരും പ്രതിയായിട്ടുള്ള സ്വർണ്ണ കടത്തുകളും ജീവൻവയ്ക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസ് നടത്തുന്ന റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം സംസ്ഥാന വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത കേന്ദ്ര സർക്കാർ ജീവനക്കാരുടെ വസതികളിൽ നടത്തിയ റെയ്ഡിനെതിരെ ചീഫ് കസ്റ്റംസ് കമ്മീഷണർ മനോജ് കെ. അറോറ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. വിജിലൻസ് ഡയറക്ടറെ പൂർണമായും സംരക്ഷിക്കാമെന്ന ഉറപ്പിലാണ് കേന്ദ്ര ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടന്നത്. എന്നാൽ കേന്ദ്രം പേടിപ്പിച്ച പശ്ചാത്തലത്തിൽ റെയ്ഡിന്റെ ഉത്തരവാദിത്തം ഡയറക്ടറുടെ തലയിലാവാൻ തന്നെയാണ് സാധ്യത. കേന്ദ്ര ജീവനക്കാർ സംസ്ഥാനത്ത് നടക്കുന്ന അഴിമതികളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തന്നെയാണ് വിജിലൻസിന് നിർദ്ദേശം നൽകിയത്. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്നവർ സംസ്ഥാനത്തിന് പുറത്തു പോയി വരെ ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്തു. ഇതിനെതിരെ കേന്ദ്ര ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഉന്നത ഉദ്യോഗസ്ഥൻ കത്ത് നൽകിയത്. ഇതിൽ ഫലം ഉണ്ടായില്ലെങ്കിൽ സംസ്ഥാന സർക്കാർ ഉദ്യേഗസ്ഥർ ബുദ്ധിമുട്ടിലാകുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് ഒരു ഇടവേളക്ക് ശേഷം കേന്ദ്രസർക്കാർ ഉദ്യേഗസ്ഥരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ അടി മൂക്കുകയാണ്. യാതൊരു തെളിവുമില്ലാതെ വിജിലൻസ് റെയ്ഡ് നടത്തുന്നു എന്നാണ് പരാതി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് സുദീപ് നെയിന്റെ ക്വാർട്ടേഴ്സിസിൽ നടന്ന റെയ്ഡാണ് പ്രകോപനം. കേന്ദ്ര ഉദ്യോഗസ്ഥർ സംസ്ഥാനത്ത് അഴിമതി നടത്തുന്നു എന്ന ധാരണയിലാണ് സംസ്ഥാന സർക്കാർ.കേന്ദ്ര ജീവനക്കാരെയും കേരളം വിജിലൻസിന്റെ നിരീക്ഷണത്തിലാക്കിയിരുന്നു. കൊച്ചിയിൽ നിന്നും തൊഴിൽ വകുപ്പ് കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടുകയും ചെയ്തു. കസ്റ്റംസ് ചീഫ് കമീഷണറുടെ കത്ത് വിജിലൻസ് സയറക്ടർ സർക്കാരിനെ അറിയിച്ചെങ്കിലും നടപടി തുടരാനാണ് നിർദ്ദേശിച്ചത്. ജനുവരി 18 നാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട് റയഡ് ചെയ്തത്. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ നീക്കത്തിൽ മുഖ്യമന്ത്രി തന്നെ ബുദ്ധിമുട്ടിലാകാനാണ് സാധ്യത. സിംഹത്തിന്റെ മടയിൽ പിണറായി കമ്പിട്ട് കുത്തിയ സാഹചര്യമാണുള്ളത്. ഇതിൽ ആരൊക്കെ അതിജീവിക്കുമെന്ന് കണ്ടറിയാം. മികച്ച ഇമേജുള്ള മുഖ്യമന്ത്രിയാണെങ്കിൽ ഇത്തരം ഉമ്മാക്കികൾ കണ്ട് ഭയക്കേണ്ടി വരില്ലായിരുന്നു.എന്നാൽ കേരളത്തിന്റെ കാര്യം അങ്ങനെയല്ല. പല തരത്തിലുള്ള ആരോപണങ്ങളാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നേരിടേണ്ടി വന്നത്.മുഖ്യമന്ത്രിയുടെ സെക്രട്ടറി ജയിലിൽ കിടക്കുന്ന സാഹചര്യം വരെയുണ്ടായി. എന്നാൽ മുഖ്യമന്ത്രിക്ക് ഒന്നും സംഭവിച്ചില്ല. അതിന്റെ ധൈര്യം മുഖ്യമന്ത്രിക്കുണ്ട്. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ അദ്ദേഹം തള്ളി പറഞ്ഞതുമില്ല . ഇതിന് മുമ്പ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കുരുക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് വി - കെ. മോഹനൻ കമ്മീഷനെ നിയോഗിച്ചിരുന്നു. കേന്ദ്ര ഏജൻസികൾക്കെതിരെ നീങ്ങിയാൽ 2021 ൽ നടന്ന തെരഞ്ഞടുപ്പിൽ വോട്ട് ഷെയർ വർധിപ്പിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജുഡിഷ്യൽ കമ്മീഷനെ നിയമിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടി നീങ്ങിയ അതേ മട്ടിൽ തന്നെയാണ് പിണറായിയും നീങ്ങിയത്.ഇ ഡി ക്കെതിരായി ജൂഡീഷ്യൽ കമ്മീഷനെ നിയോഗിച്ചാൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അതിശക്തമായ പ്രചരണം നടത്താൻ കഴിയുമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. അത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് കാരണമാവുകയും അത് തുടർ ഭരണം ഉറപ്പാക്കാൻ സാധിക്കുമെന്നും പിണറായി കരുതി. സ്വർണ്ണക്കടത്തിനെ കുറിച്ച് ആരോപണം ഉണയിക്കുന്നവരുടെ വായ തത്കാലം അടയ്ക്കാനും ഇതുവഴി കഴിഞ്ഞു കിഫ്ബി പോലുള്ള സ്ഥാപനങ്ങളിൽ അക്കാലത്ത് നടന്ന റെയ്ഡുകൾ തത്കാലം തടയാനും ഇതു വഴി കഴിഞ്ഞു. കരുതിയത് പോലെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം നടക്കുകയും പിണറായി അധികാരത്തിലെത്തുകയും ചെയ്തു.വിശ്വസ്തനായ ഒരു മുൻ ഹൈക്കോടതി ജഡ്ജിയെയാണ് കമ്മീഷൻ അധ്യക്ഷനായി പിണറായി നിയോഗിച്ചത്. അദ്ദേഹം കേരള പോലീസ് കംപ്ലയന്റ്സ് അതോറിറ്റിയുടെ അധ്യക്ഷനാണ്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്.സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽ വന്നത്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പ്രതികൾക്കു മേൽ സമ്മർദം ചെലുത്തി, അങ്ങനെ സമ്മർദം ചെലുത്തിയെങ്കിൽ അത് ആരൊക്കെ, ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷൻ പരിഗണിച്ചു. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിയമിച്ച കമ്മീഷൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് റിപ്പോർട്ട് നൽകിയത്. പ്രസ്തുത റിപ്പോർട്ട് ഉമ്മൻചാണ്ടിക്ക് എതിരായിരുന്നു. സരിതാ നായരുടെ കത്ത് അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാക്കിയത് ആ കമ്മീഷനാണ്. അതാണ് പിന്നീട് ഉമ്മൻ ചാണ്ടിക്ക് എതിരെ അന്വേഷണം നടത്തുന്നതിൽ എത്തി നിന്നത്. നിയമിച്ച സർക്കാർ അധികാരത്തിൽ നിന്നും മാറിയാൽ ജുഡീഷ്യൽ കമ്മീഷൻ അന്നത്തെ ഭരണാധികാരികളെ അനുകൂലിക്കണമെന്നില്ല. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിന് പിന്നാലെ ലാവ്ലിൻ കേസിൽ പിണറായിയെ പിടിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് ലാവലിൻ കേസിൽ പിടിമുറുക്കി മുഖ്യമന്ത്രി പിണറായി വിജയന് എട്ടിൻറെ പണി കൊടുക്കാൻ ബി ജെ പി തീരുമാനിച്ചത്.എന്നാൽ പിണറായിക്ക് തുടർ ഭരണം കിട്ടിയതോടെ കേന്ദ്ര സർക്കാർ നീക്കം പാളി. തുടർ ഭരണം കിട്ടുകയും പിണറായി കേന്ദ്ര സർക്കാരിനെതിരായ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തതോടെ തത്കാലം കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിൽ നിന്നും പിൻമാറിയിരുന്നു.ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം കേരള സർക്കാർ ഇറക്കിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ഇലക്ഷന് മുമ്പ് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിജ്ഞാപനം ഇറക്കിയില്ല. തെരഞ്ഞടുപ്പിന് മുമ്പ് വലിയ ധൈര്യമാണ് പിണറായി സർക്കാർ കാണിച്ചത്. തുടർഭരണം ലഭിക്കുമെന്ന് പിണറായിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഇ ഡി ഗൂഡാലോചന നടത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ഇതിന് പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കിയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചില ബി ജെ പി നേതാക്കൾ മുഖ്യമന്ത്രിയെയും സ്പീക്കറെയും സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൻറെ വെളിച്ചത്തിലാണ് അന്വേഷണ പരിധിയിൽ ഇത്തരമൊരു കാര്യം ഉൾപ്പെടുത്തിയത് .സ്വർണ്ണക്കടത്ത് വിവാദത്തിൽ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസർക്കാർ തയ്യാറല്ല എന്നാണ് ഈ നടപടിയിലൂടെ തെളിഞ്ഞത്. സ്വർണ്ണകടത്തിൽ മന്ത്രിമാർക്കോ സ്പീക്കർക്കോ ബന്ധം ഉണ്ടായിരുന്നെങ്കിൽ എന്തു കൊണ്ട് അവരെ കേസിൽ പ്രതിയാക്കിയില്ല എന്ന കാതലായ ചോദ്യമാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചത്തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്‍റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു. തെരഞ്ഞടുപ്പ് കഴിയുമ്പോൾ അതെല്ലാം വെള്ളത്തിൽ പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അപ്രകാരം സംഭവിക്കുകയും ചെയ്തു.പിന്നീട് സ്വപ്ന വായ തുറന്നപ്പോഴാണ് മോഹനൻ കമ്മീഷൻ കാലാവധി നീട്ടി നൽകിയത്.ആറു മാസമായിരുന്നു കമ്മീഷന്‍റെ കാലാവധി. ഒരു വർഷമായിട്ടും നടപടി ഒന്നുമായില്ല. തുടർന്ന് സ്വപ്ന ഇറങ്ങിയതോടെയാണ് ആറുമാസം കൂടി നീട്ടി കൊടുത്തത്.സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ വരിഞ്ഞുമൂറുക്കിയപ്പോൾ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സ്വീകരിച്ച ആ നിലപാട് ജനങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളുടെ നടപടിയെ സംശയത്തിന്‍റെ നിഴലിലാക്കാൻ സഹായിച്ചെന്നാണ് സർക്കാർ വിലയിരുത്തൽ. സമാന വിഷയത്തിൽ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യൽ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.
അന്വേഷണ കമ്മീഷനെ നിയമിച്ചത് പോലും പിണറായിയുടെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു. റിട്ടയേഡ് ജസ്റ്റിസ് സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്ന ന്യായാധിപനാണ്. വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവർ പറയുന്നത്. ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ പ്രവർത്തനം തുടങ്ങിയതോടെ സ്വർണ്ണ കടത്ത് കേസ് അന്വേഷിച്ചിരുന്ന കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ കേരളത്തിൽ നിന്ന് മുങ്ങിയതായി റിപ്പോർ ട്ടുണ്ടായിരുന്നു. ജുഡീഷ്യൽ കമ്മിഷൻ തങ്ങളെ ബലിയാടാക്കുമോ എന്ന സംശയമാണ് ഉദ്യോഗസ്ഥർക്ക് ഉണ്ടായത്.അന്വേഷണത്തിൻറെ വിവിധ ഘട്ടങ്ങളിൽ നടന്ന കാര്യങ്ങൾക്ക് തങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകണമെന്ന് കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നടപടികളിലേക്ക് കടന്നില്ല. .
ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായുമില്ല. കേന്ദ്രഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി ജുഡീഷ്യൽ കമ്മീഷനായ വി.കെ. മോഹനൻ പത്ര പരസ്യവും നൽകി. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ മോഹനൻ കമ്മിഷൻറെ പ്രവർത്തനം പ്രതിസന്ധിയിലായി. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെന്ന് ഇ.ഡി ഹൈക്കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്‌ത് ഇടക്കാല ഉത്തരവിറക്കിയത്.
അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു. ജുഡീഷ്യൽ അന്വേഷണം ചോദ്യം ചെയ്ത് ഹർജി നൽകാൻ ഇഡിയ്ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജിയിൽ ഇഡി വാദം. മോഹനൻ കമ്മീഷനെ നിയമിക്കുന്നതിന് മുമ്പ് അതിന് നിയമസാധുതയില്ലെന്ന് നിയമവകുപ്പ് സർക്കാരിന് ഉപദേശം നൽകിയിരുന്നതാണ്.
'കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്'. ആയതിനാൽ ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർകക്ഷിയാക്കിയായിരുന്നു ഇ ഡി ഹർജി നൽകിയിരുന്നത്. എന്നാൽ 2024 നവംബർ 7 ന് ജസ്റ്റിസ് മോഹനൻ കമ്മീഷന്റെ കാലാവധി ആറുമാസത്തേക്ക് കൂടി സർക്കാർ നീട്ടി നൽകി. അതായത് ഇപ്പോഴും കമ്മീഷൻ പ്രവർത്തനം തുടരുകയാണ്. 2021 മേയ് 7 ന് രൂപീകരിച്ച കമ്മീഷന്റെ പ്രവർത്തനം പക്ഷേ നിലച്ച മട്ടിലാണ്.അതായത് വി.കെ. മോഹനൻ കമ്മീഷന്റെ കാലാവധിക്കുള്ളിൽ തന്നെ കേന്ദ്ര ഉദ്യോഗസ്ഥരെ പൂട്ടാനാണ് നീക്കം.