മൂന്നാറിലെത്തിയ ഗതാഗത മന്ത്രിക്ക് കരിങ്കൊടി കാണിച്ച ടാക്‌സി വാഹനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് കണ്ടെത്തിയത് എട്ടു ലക്ഷം രൂപയുടെ നിയമലംഘനം

മൂന്നാറിലെത്തിയ ഗതാഗത മന്ത്രിക്ക് കരിങ്കൊടി കാണിച്ച ടാക്‌സി വാഹനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് കണ്ടെത്തിയത് എട്ടു ലക്ഷം രൂപയുടെ നിയമലംഘനം.
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് സംഘം നാലു ദിവസം കൊണ്ട് ഈടാക്കിയത് എട്ടു ലക്ഷം രൂപ. നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 300 കേസാണ്. ഇന്‍ഷ്വറന്‍സ്, ടാക്‌സ്, ഫിറ്റ്‌നെസ് തുടങ്ങിയവ ഇല്ലാത്ത ഒട്ടേറെ വാഹനങ്ങള്‍ക്കാണ് പിഴ നല്‍കിയത്.
മതിയായ രേഖകള്‍ ഇല്ലാത്ത 20 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ട് ടീമുകളുടെ പരിശോധന കര്‍ശനമാക്കിയതോടെ ഡ്രൈവര്‍മാര്‍ ശരിക്കും വലഞ്ഞു.
ട്രിപ്പ് ജീപ്പ് സര്‍വീസുകള്‍ക്കും മറ്റും നിര്‍ദ്ദേശിക്കുന്ന മുറയ്ക്കുള്ള ആളെണ്ണം അല്ല പല വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. പരിശോധന കര്‍ശനമാക്കിയതോടെ ഇക്കാര്യങ്ങളെല്ലാം പ്രതിസന്ധിയിലായി. മതിയായ രേഖകളില്ലാതെ ഓടിയിരുന്ന വാഹനങ്ങള്‍ പലതും തമിഴ്‌നാട്ടിലേയ്ക്ക് മാറ്റിയതായാണ് ലഭ്യമാകുന്ന വിവരം.
ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് രണ്ടു ദിവസം നടത്തിയ വാഹന പരിശോധനയില്‍ തന്നെ 174 കേസുകള്‍ ചാര്‍ജ് ചെയ്തു. 3,87,750 രൂപ പിഴ ചുമത്തി. ടാക്‌സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് ഇല്ലാത്തത്, മീറ്റര്‍ ഇല്ലാത്ത ഓട്ടോകള്‍, രൂപമാറ്റം വരുത്തിയത്, പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയത് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കാണ് കേസെടുത്ത് പിഴ ചുമത്തിയത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നാര്‍ മേഖലയില്‍ മാത്രം നടത്തിയ പരിശോധനയിലാണ് ഇത്രയധികം നിയമ ലംഘനം കണ്ടെത്തിയത്. ഇടുക്കി ആര്‍ടിഒ പി.എം. ഷബീര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.കെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി, തൊടുപുഴ, ദേവികുളം മോട്ടോര്‍ വാഹന ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ ആണ് പരിശോധന നടത്തുന്നത്. പരിശോധന തുടരുകയാണെന്നും ഓരോ ദിവസത്തെയും പരിശോധന റിപ്പോര്‍ട്ടുകള്‍ ഗതാഗത മന്ത്രിക്ക് സമര്‍പ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ച മൂന്നാറില്‍ പുതുതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഗണേഷ് കുമാറിനെ, ബസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha