ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ കോമയില്‍; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി നീലം ഷിന്‍ഡെയുടെ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്. കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ നീലം, കഴിഞ്ഞ നാലു വര്‍ഷമായി യുഎസിലാണ്.
മഹാരാഷ്ട്രയിലെ സത്ര സ്വദേശിയാണ്. നീലം ഷിന്‍ഡെയുടെ കുടുംബത്തിന് വീസ നല്‍കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണു കുടുംബത്തിന് അടിയന്തരമായി വീസ അനുവദിച്ചിരിക്കുന്നത്. അതേസമയം, വാഹനമോടിച്ചിരുന്ന 58 വയസുകാരന്‍ ലോറന്‍സ് ഗാലോയെ സ്‌കാരമെന്റോ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 14ന് കലിഫോര്‍ണിയയില്‍ വച്ചാണ് വാഹനമിടിച്ച് നീലം അപകടത്തില്‍പ്പെടുന്നത്. ഗുരുതര പരുക്കുകളോടെ യുസി ഡേവിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തരമായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയിരുന്നു. നെഞ്ചിനും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നെഞ്ചിനേറ്റ പരുക്കാണ് യുവതി കോമയിലാകാന്‍ കാരണമെന്നാണു വിവരം.
വീസ അനുവദിച്ചതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് കുടുംബം നന്ദി അറിയിച്ചു. നാളെ യുഎസിലേക്കു പുറപ്പെടുമെന്നു പിതാവ് തനജി ഷിന്‍ഡെ പറഞ്ഞു. അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ കുടുംബം വീസ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും അഭിമുഖത്തിനുള്ള സ്ലോട്ട് 2026ലെ തീയതിയിലേക്കാണ് ലഭിച്ചത്. തുടര്‍ന്ന് എന്‍സിപി എംപി സുപ്രിയ സുലെ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അടിയന്തരമായി ഇടപെട്ടതിനാല്‍ അരമണിക്കൂറിനുള്ളില്‍ അഭിമുഖം നടത്തി വീസ അനുവദിച്ചു.
https://www.facebook.com/Malayalivartha