വീട്ടുജോലിക്കാരിയിൽ നിന്ന് ടാക്സി ഡ്രൈവറിലേക്ക്...യുഎഇയുടെ മലയാളി ‘സൂപ്പർ വുമൺ

റമസാനിൽ ഒരു ദിവസത്തെ ജോലി കഴിഞ്ഞാൽ ഷൈല അന്നത്തെ നോമ്പുതുറ വിഭവങ്ങളൊരുക്കാൻ മൂന്നരയോടെ ദുബായ് മുഹൈസിനയിലെ വീട്ടിലെത്തും. അതേ സമയത്ത് തന്നെ വീട്ടിലെത്തുന്ന ഷഫീഖ് അടുക്കളയിൽ ഉമ്മയെ സഹായിക്കും. ഷഫീക്കിന്റെ സഹായത്തോടെ ബിരിയാണി, സമൂസ, പക്കോഡ, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇഫ്താർ വിഭവങ്ങളായി തയ്യാറാക്കുക.
53ാം വയസിലും ദുബായിലെ നിരത്തുകളിൽ അതിവേഗം ടാക്‌സി ഓടിക്കുകയാണ് ഷൈല തയ്യിൽ കുഞ്ഞു മുഹമ്മദ്. അതേനിരത്തിൽ തന്നെ മറ്റൊരു ടാക്‌സി ഡ്രൈവറായി 31കാരനായ മകൻ ഷഫീക്കും ഒപ്പമുണ്ട്. ഒരേസമയത്ത് ജോലി ചെയ്ത്, ഒരുമിച്ച് റംസാൻ വ്രതം നോറ്റ്, വീട്ടിൽ ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് കഴിയുകയാണ് ഈ അമ്മയും മകനും.
ദുബായ് മുഹൈസിനയിലാണ് ഷൈലയും ഷഫീക്കും താമസിക്കുന്നത്. രണ്ട് ദശകത്തോളമായി ദുബായ് ടാക്‌സി കമ്പനിയിൽ (ഡിടിസി) ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷൈല. മകൻ ഷഫീക്കിനെ അതേ പാതയിൽ എത്തിച്ചതും ഷൈല തന്നെയാണ്. ഭർത്താവ് മരിച്ചതോടെ കുടുംബത്തെ പോറ്റേണ്ട ചുമതല ഷൈലയുടെ ചുമലിലായി. അങ്ങനെ 1999ലാണ് ഷൈല യുഎഇയിലെത്തിയത്. വെറും ഒരുവയസ് മാത്രം പ്രായമുള്ള ഇളയമകൻ ഷഫീക്കിനെയും മൂത്തമകൻ ഷാജുദ്ദീനെയും ബന്ധുക്കളെ ഏൽപ്പിച്ചാണ് ഷൈല വിമാനം കയറിയത്. കുടുംബത്തിന്റെ ഏക വരുമാനദാതാവായി മാറേണ്ടി വന്ന ഈ വനിത രാപ്പകൽ ഭേദമന്യേ അധ്വാനിച്ച് ജീവിതം പടുത്തുയർത്തി .
ഷാർജയിലെ ഒരു അറബ് കുടുംബത്തിന്റെ വീട്ടുജോലിക്കാരിയായിരുന്നു ആദ്യം. ഇതിനിടെമാസ ശമ്പളത്തിൽ നിന്ന് പണം സ്വരുക്കൂട്ടി ഡ്രൈവിംഗ് പഠനവും ആരംഭിച്ചു. 2002ൽ ആദ്യ ചാൻസിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടിയെടുത്തു. തുടർന്ന് മറ്റൊരു കുടുംബത്തിന്റെ കുടുംബ ഡ്രൈവറായി ജോലി ചെയ്തു. വീട്ടുജോലിയേക്കാളും സമ്പാദിക്കാൻ കഴിഞ്ഞു. പിന്നീട് പിങ്ക് ടാക്സി(വനിതാ ടാക്സി) ഡ്രൈവർമാരെ അന്വേഷിക്കുന്ന ഡിടിസിയുടെ പരസ്യം കണ്ട് അപേക്ഷിച്ച് ജോലി ലഭിച്ചതോടെ ഷൈലയുടെ ജീവിതം മാറിമറിഞ്ഞു. കരിയറിലെ പ്രധാന വഴിത്തിരിവ്. . തുടർന്ന് ഡ്രൈവർ തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുകയും ജോലി ലഭിക്കുകയും ചെയ്തു. ഡ്രൈവർ ജോലിക്കിടെയാണ് അറബിയും ഇംഗ്ളീഷും പഠിച്ചത്.
ഊഷ്മളവും സൗഹൃദപരവുമായ പെരുമാറ്റമാണ് ഷൈലയുടെ പ്ലസ് പോയിന്റ്. പ്രത്യേകിച്ച് ദുബായിൽ ടാക്സി ഡ്രൈവർമാർ വിവിധ രാജ്യങ്ങളിലെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടുന്നതിനാൽ അതവർക്ക് ഗുണകരമായി. സംഭാഷണ ശൈലിയിൽ അറബിക് പഠിക്കുകയും ഇംഗ്ലിഷ് മിനുസപ്പെടുത്തുകയും ചെയ്തു. ഇത് ഏത് രാജ്യക്കാരായ യാത്രക്കാരനെയും കൈയിലെടുക്കുന്നതിന് സഹായിച്ചു. എന്നാൽ എല്ലാത്തിലും വലുതായി മക്കളെ നന്നായി വളർത്തിയതിലാണ് ഷൈല അഭിമാനിക്കുന്നത്.
രണ്ട് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്തു. മൂത്ത മകൻ ഷാജുദ്ദീൻ ദുബായിലെ ഒരു സെയിൽസ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാണ്. ഡിപ്ലോമക്കാരനായ ഷഫീഖ് മൂന്ന് വർഷം മുൻപാണ് ഉമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തത്. ഉമ്മയ്ക്ക് ദുബായ് ഇന്ന് കൈവെള്ളയിലെ രേഖകൾ പോലെ സുപരിചിതമെന്ന് ഷഫീഖ് അഭിമാനത്തോടെ പറയുന്നു. പക്ഷേ, എല്ലാ അറിവുകളും പകർന്നത് പ്രിയപ്പെട്ട ഉമ്മ തന്നെ.
ഉമ്മയാണ് ദുബായിലെ ഡ്രൈവിംഗ് അനായാസമാക്കിയതെന്നും ദുബായ് കൈവെള്ളയിലെ രേഖകൾ പോലെ ഉമ്മയ്ക്ക് അറിയാമെന്നും ഷഫീക്ക് പറയുന്നു. 19 വർഷത്തെ ഡ്രൈവിംഗ് ജോലിക്കിടെ ഒരിക്കൽപോലും അപകടം വരുത്തിയിട്ടില്ലെന്ന് ഷൈല അഭിമാനത്തോടെ പറയുന്നു. ലിമോ ഡ്രൈവർ പദവിയിലാണ് ഷൈല ഇപ്പോൾ. 60 വയസിനും അപ്പുറം ആരോഗ്യം അനുവദിക്കുംവരെ ഡ്രൈവറായി തുടരുമെന്നും ഷൈല വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha