മണിക്കൂറുകൾ നീണ്ട വിമാനയാത്രയിൽ നെറ്റ് വർക്ക് കിട്ടുന്നത് ബുദ്ധിമുട്ടാണെന്നത് പലപ്പോഴും യാത്രക്കാരിൽ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരക്കാർക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നടപടിയുമായാണ് ഖത്തർ എയർവേസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആകാശ യാത്രയിൽ ഇന്റർനെറ്റ് സൗകര്യം എന്നത് യാത്ഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്. ഏപ്രിൽ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിൽ ഈ സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് ഖത്തർ എയർവേസ് എന്നാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന വിവരം. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടികൾക്കും തുടക്കം കുറിക്കും. ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് എ350 വിമാനങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ് പ്രവേശിക്കുന്നത്. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുക. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈൻ കൂടിയാണ് ഖത്തർ എയർവേയ്സ്. അതേ സമയം കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് എയർ ഇന്ത്യയും ആകാശ വൈഫൈ പദ്ധതിയെ കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ടാറ്റയുടെ വിമാനകമ്പനിയായ എയർ ഇന്ത്യ പദ്ദതി പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യ വിമാന കമ്പനിയായി മാറി. 2025 ജനുവരി ഒന്ന് മുതൽ തിരഞ്ഞെടുത്ത വിമാനങ്ങളിൽ സേവനം ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. വിമാന യാത്രികര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വൈഫൈയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് വിശദീകരണം. ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ളവയിൽ ഇത്തരത്തിൽ വൈഫൈ കണക്ട് ചെയ്ത ഉപയോഗിക്കാം. നിലവിൽ ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ എന്നീ ആഭ്യന്തര റൂട്ടുകളിൽ ഈ സേവനം പരീക്ഷിച്ച് വിജയിച്ചതാണ്. എങ്ങനെയാണ് വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക ?വിമാനങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക മാർഗങ്ങളിലൊന്ന് ഉപഗ്രഹ ആശയ വിനിമയമാണ്. ഈ സംവിധാനത്തിൽ, വിമാനത്തിൽ ഒരു ആന്റിന സജ്ജീകരിച്ചിരിക്കുന്നു, സാധാരണയായി ഫ്യൂസ്‌ലേജിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്നു, അത് ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്നു. ആഗോള ഇന്റർനെറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന വിമാനങ്ങൾക്കും ഗ്രൗണ്ട് സ്റ്റേഷനുകൾക്കുമിടയിൽ സിഗ്നലുകൾ കൈമാറുന്ന ഇടനിലക്കാരായി ഈ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നു. ജിയോസ്റ്റേഷണറി എർത്ത് ഓർബിറ്റ് (ജിയോ) ഉപഗ്രഹങ്ങളും ലോ എർത്ത് ഓർബിറ്റ് (ലിയോ) ഉപഗ്രഹങ്ങളുമാണ് പൊതുവെ ഈ പ്രക്രിയയിൽ പ്രവർത്തിക്കുന്നത്. ഫ്ലൈറ്റിനുള്ളിൽ ഇന്റർനെറ്റ് നൽകുന്നതിനുള്ള മറ്റൊരു രീതി എയർ-ടു-ഗ്രൗണ്ട് സിസ്റ്റമാണ്. ഈ സജ്ജീകരണത്തിൽ, ഒരു മൊബൈൽ ഫോൺ ഒരു സെല്ലുലാർ നെറ്റ്‌വർക്കിലേക്ക് എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിന് സമാനമായി, വിമാനം നിലത്തെ സെൽ ടവറുകളിലേക്ക് ബന്ധിപ്പിക്കുന്നു. വിമാനത്തിന്റെ അടിവശത്തുള്ള ഒരു ആന്റിന ഈ ടവറുകളുമായി ആശയവിനിമയം നടത്തുന്നു, ഇന്റർനെറ്റ് ആക്‌സസ് സാധ്യമാക്കുന്നു. അത്തരം ടവറുകൾ ലഭ്യമായ കരയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ ഈ രീതി നന്നായി പ്രവർത്തിക്കുന്നു, പക്ഷേ സമുദ്രങ്ങളിലോ വിദൂര പ്രദേശങ്ങളിലോ ഇത് ഫലപ്രദമല്ല.