ഹജ്ജ് ക്വാട്ട കൂട്ടണം; സൗദിയിലേക്ക് പറന്ന് മോദി, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച

സൗദി കിരീടവകാശി മൊഹമ്മദ് ബിൽ സൽമാൻറെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്. പ്രധാനമന്ത്രി ചൊവ്വായ്ച്ച സൗദിയിലെത്തും. ഹജ്ജ് ക്വാട്ട കുറച്ച വിഷയമടക്കം കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുമെന്നാണ് വിവരം.
രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിലെത്തുന്നത്. ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി 10,000 പേരെ അനുവദിക്കാമെന്നും സൗദി നിലവിൽ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഹജ്ജ് ക്വാട്ട കുറഞ്ഞതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സയിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ചർച്ച നടത്തുക.
നിലവിൽ ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതിൽ സർക്കാർ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ യാത്രയ്ക്ക് നടപടികൾ പൂർത്തിയായി കഴിഞ്ഞു. എന്നാൽ, സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 52,000 പേരെ കൊണ്ടു പോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഇത് റദ്ദാകുകയായിരുന്നു.
സൗദിയുമായുള്ള നിരന്തര ചർച്ചകൾക്ക് ശേഷം ഇതിൽ 10,000 പേർക്ക് അനുമതിയായി. പതിനായിരം പേരെ കൂടി അനുവദിക്കുന്നത് ചർച്ചയിലെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി പതിനായിരം പേർക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളുവെന്നും ഇതുയർത്താൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കാലത്ത് വൻ തിരക്കാണ് സൗദിയിലുടനീളം അനുഭവപ്പെടാറുള്ലത്.
ഈ തിരക്ക് കുറച്ച് അപകടമരണങ്ങൾ ഒഴിവാക്കാനായി സൗദി ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്ക് വിസതാൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. സൗദി അറേബ്യ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ബിസിനസ് വിസകളും, ഫാമിലി വിസകൾ, ഉംറ വിസകൾ എന്നിവക്കാണ് താൽക്കാലിക വിസ നിരോധനം . ഏപ്രിൽ 13 വരെ മാത്രമേ വിദേശികൾക്ക് ഉംറ വിസയിൽ വരാൻ കഴിയൂ എന്ന് സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം, ഉംറ വിസകൾ നൽകില്ല.
2024-ൽ ഹജ്ജ് വേളയിൽ സൗദി അറേബ്യയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, അവരിൽ ഭൂരിഭാഗവും അനധികൃത തീർത്ഥാടകരായിരുന്നു. രജിസ്ട്രേഷൻ ഇല്ലാതെ ആളുകൾ ഹജ്ജിന് പോകുന്നത് തടയുക എന്നതാണ് വിസ നിരോധനത്തിന്റെ പ്രധാന ലക്ഷ്യം. താൽക്കാലിക വിസ നിരോധന തീരുമാനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
എന്നാൽ പ്രധാനപ്പെട്ട കാരണം ഇതെന്നും അല്ല, രജിസ്ട്രേഷൻ ഇല്ലാതെ ആളുകൾ ഹജ്ജിൽ പങ്കെടുക്കാൻ എത്തുന്നത് തടയുന്നതിനാണ് സൗദി സർക്കാർ താൽക്കാലിക വിസ നിരോധനത്തിനുള്ള തീരുമാനം എടുത്തത്. ജൂൺ പകുതി വരെ അതായത് ഈ വർഷത്തെ ഹജ്ജ് പൂർത്തിയാകുന്നതുവരെ വിസ നിരോധനം തുടരും. ഇക്കാര്യത്തിലൊരു മാറ്റം ഒരുപക്ഷേ മോദി മൊഹമ്മദ് ബിൽ സൽമാൻ കൂടിക്കാഴ്ചയോടെ ഉണ്ടായേക്കും എന്നാണ് നിലവിലത്തെ പ്രതീക്ഷ. അതേ സമയം ചൊവ്വാഴ്ച സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികളുള്ള ഒരു ഫാക്ടറിയും സന്ദർശിക്കും എന്നാണ് വിവരം.
https://www.facebook.com/Malayalivartha