സൗദിയില്‍ തെരച്ചില്‍ ശക്തമായതോടെ തൊഴിലാളികള്‍ സംഘടിച്ച് ആക്രമണം അഴിച്ചുവിട്ടു, സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
അനധികൃതമായി സൗദി അറേബ്യയില്‍ തങ്ങുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. തെരച്ചിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റിയാദിലുണ്ടായ സംഘര്‍ഷത്തില്‍ സൗദി, എത്യോപ്യന്‍ പൗരന്മാരാണ് മരിച്ചത്. 68 പേര്‍ക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 561 പേരെ അറസ്റ്റുചെയ്തു. രണ്ടുദിവസം മുമ്പ് റിയാദില്‍ പൊലീസ് വെടിവയ്പില്‍ ഒരു എത്യോപ്യന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കന്‍- അറബ് വംശജര്‍ കൂടുതലുള്ള റിയാദിലെ മന്‍ഫുഹയില്‍ ശനിയാഴ്ച പകല്‍ മൂന്നോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മലയാളികളടക്കം ഏഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രധാന മാര്‍ക്കറ്റായ ബത്തയ്ക്ക് അടുത്താണ് മന്‍ഫുഹ.
സംഘടിച്ചെത്തിയ എത്യോപ്യക്കാര്‍ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. കത്തിയും മറ്റു മാരകായുധങ്ങളുമായി തെരുവിലിറങ്ങിയ സംഘം സ്ഥാപനങ്ങളും വാഹനങ്ങളും ആക്രമിച്ചു. എത്യോപ്യന്‍ വംശജര്‍ നടത്തിയ കല്ലേറിലാണ് 32 വയസ്സുള്ള സൗദി പൗരന്‍ മരിച്ചത്. പരിക്കേറ്റ 68 പേരില്‍ 28 പേരും സൗദിക്കാരാണ്. നൂറിലേറെ വാഹനത്തിനും ഏതാനും സ്ഥാപനങ്ങള്‍ക്കും കേടുപാടു പറ്റി. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ സുരക്ഷാ സൈനികര്‍ക്കെതിരെയും അക്രമം നടന്നു. പൊലീസ് പ്രദേശം വളഞ്ഞു.
കീഴടങ്ങുന്ന വിദേശികള്‍ക്കായി പ്രത്യേക താമസസൗകര്യം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എക്സിറ്റില്‍ നാട്ടിലേക്ക് പോകുംവരെ തങ്ങാനാണ് ഈ സൗകര്യം. അനധികൃത വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കാനും സൗദി വിടാനും അനുവദിച്ച സമയം നവംബര്‍ മൂന്നിന് അവസാനിച്ചശേഷം വ്യാപക തെരച്ചിലാണ് സൗദിയിലാകെ. മുപ്പതിനായിരത്തില്‍പ്പരം ആളുകള്‍ പിടിയിലാകുകയും ഇരുപതിനായിരത്തില്‍പ്പരം പേരെ ഇതിനകം നാടുകടത്തുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍, അറബ് വംശജരാണ്.
https://www.facebook.com/Malayalivartha