പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.വി. വിവേകാനന്ദന്‍ അന്തരിച്ചു
മിഡില്‍ ഈസ്റ്റിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും യു.എ.ഇ.യിലെ ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ, ഇന്ത്യന്‍ മീഡിയാഫോറത്തിന്റെ സ്ഥാപകപ്രസിഡന്റുമായ പി.വി. വിവേകാനന്ദന്‍ (61) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.
പാലക്കാട് ഒറ്റപ്പാലം പുതുക്കുടി വീട്ടില്‍ വിവേകാനന്ദന്‍ എന്ന പി.വി. വിവേകാനന്ദന്‍ ഷാര്‍ജ കേന്ദ്രമായ ഗള്‍ഫ് ടുഡെ എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ എഡിറ്റോറിയില്‍ അഡൈ്വസറായിരുന്നു. നേരത്തേ, ഗള്‍ഫ് ടുഡെയില്‍ ഏഴുവര്‍ഷത്തോളം എഡിറ്റര്‍ ഇന്‍ ചാര്‍ജായും സേവനം അനുഷ്ഠിച്ചു. 1980 മുതല്‍ ജോര്‍ദാന്‍ കേന്ദ്രമായ ജോര്‍ദാന്‍ ടൈംസില്‍ സീനിയര്‍ എഡിറ്ററായി 17 വര്‍ഷം ജോലിചെയ്തു. പിന്നീട്, ബഹ്‌റൈന്‍ ട്രിബ്യൂണില്‍ അസിസ്റ്റന്റ് എഡിറ്ററായി ഒന്നരവര്‍ഷത്തോളം ജോലി ചെയ്താണ് ഷാര്‍ജയിലെ ഗള്‍ഫ് ടുഡെയില്‍ എത്തുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ പത്രങ്ങളിലും മാസികകളിലും പ്രത്യേക കോളങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിരുന്നു.
അറബ് രാജകുടുംബങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളും ലേഖനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രവര്‍ത്തന മേഖലയിലെ മികവിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചിത്രയാണ് ഭാര്യ. ദുബായിലെ സൗദി എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായ അനൂപ് മകനാണ്.
https://www.facebook.com/Malayalivartha