മീഡിയ വണ്‍ അവാന്റ് ഗാര്‍ഡ് : ഫേവര്‍ ഓഫ് സൈലന്‍സ് ക്യാമറയില്‍ പകര്‍ത്തിയത് മലയാളി
മീഡിയ വണ്‍ ടിവിയുടെ അവാന്റ് ഗാര്‍ഡ് ഗ്രാന്റ് ഫിനാലെയില്‍ മികച്ച ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ഫേവര്‍ ഓഫ് സൈലന്‍സ് ന് ക്യാമറ ചലിപ്പിച്ചത് പ്രവാസി മലയാളി. ദുബൈയില്‍ പരസ്യകമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി അനീഷ് സുരേന്ദ്രനാണ് ശ്യംശങ്കര്‍ സംവിധാനം ചെയ്‌ത ഹ്രസ്വചിത്രത്തിന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അനീഷിന്റെ ക്യാമറ പാലക്കാട്-പൊള്ളാച്ചി അതിര്‍ത്തി പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം സുന്ദരമായി പകര്‍ത്തി. മുഖ്യകഥാപാത്രമായ ഫാക്‌ടറി കാവല്‍ക്കാരന്റെ വ്യത്യസ്‌ത ഭാവങ്ങള്‍ ചിത്രത്തില്‍ നിറഞ്ഞു നിന്നു. അവധിക്കാലത്ത് സമ്മാനങ്ങളുമായി വീട്ടിലേക്ക് വരാറുള്ള അച്ഛനെ കാത്തു നില്‍ക്കുന്ന കൊച്ചു മകന്റെ ദൃശ്യങ്ങളെടുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നതായി അനീഷ് പറയുന്നു. കൂടുതല്‍ ഷോട്ടുകളും കുട്ടിയുടെ ശ്രദ്ധയില്‍ പെടാതെയാണ് എടുത്തത്. ചിത്രത്തിലുള്ള നായയുടെ രംഗം ഷൂട്ട് ചെയ്യാനും പാടു പെട്ടു.
ചിത്രം വരപ്പിലൂടെയാണ് അനീഷിന്റെ തുടക്കം. അതിനുശേഷം സ്റ്റില്‍ ഫോട്ടോഗ്രാഫിയും കഴിഞ്ഞാണ് വീഡിയോ രംഗത്തിറങ്ങിയത്. സൈക്കിളും ഒരാളും മാത്രമഭിനയിച്ച പെഡല്‍ കില്ലര്‍ ആയിരുന്നു തുടക്കം. പിന്നീട് ഒരു ബാന്‍ഡ് ടീമിലെ പ്രമുഖര്‍ അഭിനയിച്ച എച്ച്‌ടുഒ എന്ന അടിപൊളി തീം വച്ചുള്ള മറ്റൊന്ന്. ഇപ്പോള്‍ പ്രവാസ ജീവിതത്തിലെ വിഹ്വലതകളും ഒറ്റപ്പെടലും പ്രമേയമാക്കിയ ഒബ്‌സെഷന്‍ എന്ന ഷോട്ട് ഫിലിമിന്റെ തിരക്കിലാണ്.
വലിയ ഒരു സിനിമയിലൂടെ കുറച്ചു കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ ചെറിയ സിനിമയിലൂടെ വലിയ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് അനീഷിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha