കുവൈറ്റില്‍ 12,000 വിസകള്‍ അനധികൃതമായി ഇഷ്യൂ ചെയ്യപ്പെട്ട സംഭവം മലയാളികളും കുടുങ്ങി
കുവൈറ്റ് സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി 12,000 വിസകള്‍ ഇഷ്യൂ ചെയ്യപ്പെട്ട സംഭവത്തില്‍ നിരവധി മലയാളികളും കുടുങ്ങി. വിസിറ്റിങ് വിസയില്‍ വന്ന മലയാളികളാണ് ഇരകളായയത്.
ജനറല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് 12,000 വിസകള്‍ ഇഷ്യൂ ചെയ്യപ്പെട്ടതെന്ന് ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തരപ്പെടുത്തിയ വിസകളില്‍ എത്തിയവര്‍വര്‍ സ്വന്തം നിലയ്‌ക്ക് തെറ്റുകാരല്ലാത്തതിനാല്‍ നടപടിയൊന്നും അവര്‍ക്കുണ്ടാകില്ല എന്നാണ് ആദ്യം പറഞ്ഞിരുന്നത്. വിസ കച്ചവടത്തിന് ഇരകളായവരെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും വ്യാപക അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പിടിയിലായവരെ വിരലടയാളം രേഖപ്പെടുത്തി പിന്നീട് കുവൈറ്റില്‍ പ്രവേശിക്കാനാവാത്ത വിധത്തിലാണ് നാടുകടത്തുന്നത്. തിരിച്ചറിഞ്ഞ 5000 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്‌തു.
നിരവധി മലയാളികളുമുണ്ടെന്നാണ് സൂചന. പലരും എംബസിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റു വിസയെക്കാള്‍ കുറഞ്ഞ നിരക്കായതിനാലാണ് പലരും ഇതിനെ ആശ്രയിക്കുന്നത്. ആഭ്യന്തരമന്ത്രാലയം നിലപാട് കര്‍ശനമാക്കിയതോടെ ഏജന്റുമാര്‍ മുങ്ങിയിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ് . ഗുരുതരമായ നിയമ ലംഘനമാണ് അനധികൃതമായി വിസകള്‍ ഇഷ്യൂ ചെയ്‌തത് വഴി ഉദ്യോഗസ്ഥന്‍ നടത്തിയതെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha