സിബിറ്റ് ഐ.ടി എക്‌സിബിഷന് തുടക്കമായി
ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ഐടി ഫെയര്‍ സിബിറ്റ് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 9ന് വൈകിട്ട് ആറുമണിയ്ക്ക് ഹാനോവറില്‍ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ചയാണ് മേളയുടെ ഔദ്യോഗിക തുടക്കം. ഡാറ്റാബിലിറ്റി എന്നതാണ് ഇത്തവണത്തെ സിബിറ്റ് മോട്ടോ. ഞങ്ങള്‍ ജര്‍മനി തുടങ്ങുന്നു , നിങ്ങള്‍ നിറവേറ്റുന്നു എന്ന കമന്റോടുകൂടിയാണ് മെര്‍ക്കല്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
നീഡര്‍സാക്‌സന്‍ സംസ്ഥാന മുഖ്യമന്ത്രി സ്റ്റെഫാന്‍ വൈയ്ല്‍ , ബിറ്റ്‌കോം ചെയര്‍മാന്‍ പ്രഫ. ഡീറ്റര്‍ കെംപ്ഫ് , ഫോള്‍ക്‌സ് വാഗന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഫ. ഡോ.മാര്‍ട്ടിന്‍ വിന്റര്‍ കോണ്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം 2000 പേര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പാര്‍ട്ണര്‍ രാജ്യം ബ്രിട്ടനാണ്. പോയ വര്‍ഷത്തേതിന്റെ ഇരട്ടി ബ്രിട്ടീഷ് എക്‌സിബിറ്റര്‍മാര്‍ ഇക്കുറി എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഐ.ടി വിപണിയുടെ വളര്‍ച്ച ഇവിടെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. വാണിജ്യ - നിക്ഷേപകാര്യ മന്ത്രി ലോര്‍ഡ് ലിവിങ്‌സ്റ്റണിന്റെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് സംഘം പങ്കെടുക്കുന്നത്. ഇ-ഹെല്‍ത്ത് , ബിഗ് ഡേറ്റ , സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളിലെ ബ്രിട്ടന്റെ മികവാണ് ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,30,000 ഐ.ടി പ്രൊഫഷണലുകള്‍ മേളയില്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെയുള്ളവരാണ് പ്രദര്‍ശനങ്ങളൊരുക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ യു.കെയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് ജര്‍മനി. പ്രതിവര്‍ഷം 40 ബില്യന്‍ യൂറോ മതിക്കുന്ന കയറ്റുമതിയാണ് യുകെ ജര്‍മനിയിലേക്കു നടത്തുന്നത്.
70 ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 4000 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് , കൊച്ചിയിലെ കാല്‍പ്പിന്‍ , ആദിത് മൈക്രോസിസ് , 3 ഇ ഐറ്റി സൊല്യൂഷന്‍സ് , ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ടെക്‌നോകുസ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് എന്നിവ ഉള്‍പ്പടെ 40 ഓളം കമ്പ്യൂട്ടര്‍ കമ്പനികള്‍ മേളയില്‍ പ്രദര്‍ശകരായുണ്ട്. ഹാള്‍ 6 ലാണ് ഇന്‍ഡ്യന്‍ പവലിയന്‍.
60 രാജ്യങ്ങളില്‍ നിന്നുള്ള 5000 ഓളം മാധ്യമപ്രതിനിധികള്‍ മേള ലോകത്തെ അറിയിക്കാന്‍ ഹാനോവറില്‍ എത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സന്ദര്‍ശന സമയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്ദര്‍ശകര്‍ ഇക്കുറി പ്രദര്‍ശനം കാണാന്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഹാനോവറിലെ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേള ഈ മാസം 14 ന് (വെള്ളി) സമാപിയ്ക്കും.
ഇപ്രാവശ്യത്തെ സിബിറ്റ് മേളയില്‍ കമ്പ്യൂട്ടര്‍ വിദഗ്ധരെ കമ്പനികള്‍ നേരിട്ട് റിക്രൂട്ട്‌ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധപഠനവും പരിശീലനവും നേടിയവര്‍ക്ക് ഇത്തരത്തിലൊരു ജോബ് അനൗണ്‍സ്‌മെന്റ് വളരെ സഹായകമാവും. എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ ഒന്‍പതില്‍ ആയിരിയ്ക്കും ഇതിനുള്ള അവസരം. ഇതിനായി job and career at CeBIT അല്ലെങ്കില്‍ jobs.cebit.de, http://www.cebit.de/de/exhibition/karriere/it-fachkraefte/ എന്നീ ലിങ്കുകളിലൂടെ അതാതു മേഖലകളില്‍ ബന്ധപ്പെട്ട് ഇന്റര്‍വ്യൂവിനും മറ്റും പ്രയോജനപ്പെടുത്താം.
https://www.facebook.com/Malayalivartha