സെന്‍മോന്‍ കൊലക്കേസ്: വധശിക്ഷ ലഭിച്ച മലയാളികളുടെ മോചനത്തിന് വഴിതെളിയുന്നു
മലയാളികള്‍ ഉള്‍പ്പെട്ട സൗദിയിലെ സെന്‍മോന്‍ കൊലക്കേസില്‍ ദക്ഷിണ സൗദിയിലെ അബഹ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയതായി നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദിയ നഷ്ട്ടപരിഹാരമായി (ബ്ലഡ് മണി) കൊല്ലപ്പെട്ട സെന്‍ മോന്റെ കുടുംബം ആവശ്യപ്പെട്ട 3,05,000 റിയാല്‍ (ഏകദേശം 51 ലക്ഷം രൂപ) അബഹ ജനറല്‍ കോടതിയില്‍ കെട്ടിവച്ചതായി ശിഹാബിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകസംഘം വിവരിച്ചു.
ഒന്നാം പ്രതി ഷാജിയുടെ കുടുംബം നല്‍കിയ 1,20,000 റിയാല്‍ , രണ്ടാം പ്രതി അബ്ദുല്‍ റസാഖിന്‍റെ നാട്ടുകാരുടെ സംഘടനയായ ഇരിക്കൂര്‍ കൂട്ടായ്മ സമാഹരിച്ച 55000 റിയാല്‍ , സൗദി പൗരനും സെന്‍ മോന്റെ സഹോദരന്‍ ജോര്‍ജ്ജിന്റെ സ്‌പോണ്‍സറുമായ മനീഅ അഹമ്മദ് ഫഹദ് ഖഹതാനിയും സഹോദരങ്ങളും നല്‍കിയ 45000 റിയാല്‍ , എന്നിവയോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രമുഖ വ്യവസായിയും ഒ ഐ.സി.സി.ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ട് സി.കെ. മേനോന്‍ നല്‍കിയ 85000 റിയാല്‍ കൂടി ചേര്‍ത്താണ് ബ്ലഡ് മണി സമാഹരിച്ചു കോടതിയില്‍ കെട്ടിവെച്ചത്.
സെന്‍ മോന്‍റെ കുടുംബത്തിന്റെ പ്രതിനിധിയായി സഹോദരന്‍ ജോര്‍ജ്ജ് ദിയ സ്വീകരിച്ച് പ്രതികള്‍ക്ക് മാപ്പ് നല്‍കിയതോടെ പ്രതികള്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. എന്നാല്‍ ശരീഅത്ത് കോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായി മാത്രമേ ഇരുവരുടെയും ജയില്‍ മോചനം സാധ്യമാവുകയുള്ളൂ.
2008 മാര്‍ച്ച് 8 ന് ഖമീസ് അബഹ ഹൈവേയില്‍ വച്ചാണ് പ്രമാദമായ സംഭവം നടന്നത്. പത്തനംതിട്ട മൈലപ്രം വലിയ അയന്തി സ്വദേശി സെന്‍മോന്‍ ജോസഫിനെ നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സജിത് സേതുമാധവന്‍ എന്ന ഷാജിയും, കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുല്‍ റസാഖും മോഷണ ലക്ഷ്യത്തോടെ വാഹനത്തില്‍വച്ച് കുത്തി കൊലപ്പെടുത്തി മൃതദേഹം കാബിനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നായിരുന്നു കേസ്. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ് അബഹ അസീരു ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയ അബ്ദുല്‍ റസാഖ് ആശുപത്രിയില്‍ കൊടുത്ത വിവരങ്ങളിലെ വൈരുധ്യങ്ങളെത്തുടര്‍ന്ന് പോലീസ് പിടിയിലായി. റസാഖിനെ വിശദമായി ചോദ്യംചെയ്ത് വസ്തുതകള്‍ മനസിലാക്കിയ പോലീസ് സജിത് സേതുമാധവനെ ജിദ്ദയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
പ്രാഥമിക വിചാരണാവേളയില്‍ ഖമീസ് മുഷയ്ത്ത് കോടതി ഒന്നാം പ്രതി സജിത് സേതുമാധവന് വധശിക്ഷയും രണ്ടാംപ്രതി അബ്ദുല്‍ റസാഖിന് 18 വര്‍ഷം തടവും 3000 ചാട്ടവാറടിയും ആണ് വിധിച്ചിരുന്നത്. തീരുമാന പ്രകാരം നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ ഇരു പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നു എന്ന വാദത്തോടെ പ്രോസിക്യൂഷന് അബഹ മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വാദം നടക്കുന്നിതിനിടെ ദിയ സ്വീകരിച്ച് കുറ്റവാളികള്‍ക്ക് മാപ്പുനല്‍കാന്‍ സെന്‍ മോന്റെ കുടുംബം തയ്യാറായതോടെയാണ് ഷാജിയുടെയും അബ്ദുല്‍ റസാഖിന്റെയും മോചനത്തിന് വഴി തുറന്നത്.
കൊല്ലപ്പെട്ടത് ഒരു മലയാളിതന്നെ ആയതിനാല്‍ പ്രതികളായ മലയാളികളെ മോചിപ്പിക്കാനുള്ള കൂട്ടായ്മകളുടെ ശ്രമങ്ങള്‍ക്ക് വന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. സെന്‍ മോന്റെ പ്രതിനിധിയായി സൗദിയിലുള്ള സഹോദരന്‍ ജോര്‍ജും പ്രതികളുടെ മോചനത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ , രണ്ടാം പ്രതി അബ്ദുല്‍ റസാഖിന്റെ ഭാര്യയും അഞ്ചുകുട്ടികളും, അവിവാഹിതനായ സജിതിന്റെ അച്ഛനും അമ്മയും കൊല്ലപ്പെട്ട സെന്‍ മോന്റെ കുടുംബത്തെ വിളിച്ചു നടത്തിയ അപേക്ഷയാണ് യഥാര്‍ത്ഥത്തില്‍ മോചന നീക്കങ്ങള്‍ക്ക് വഴി തുറന്നത്. തങ്ങള്‍ പ്രതികള്‍ക്ക് പൊറുത്തു കൊടുക്കുന്നതായി സെന്‍ മോന്റെ കുടുംബം ജോര്‍ജിനെ വിളിച്ചു പറയുകയായിരുന്നു.
മാപ്പിനുള്ള സന്നദ്ധത കോടതിയെ അറിയിച്ചത് മുതലുള്ള കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സെന്മോന്റെ കുടുംബത്തിന് ചെലവിനായി അയ്യായിരം രൂപ വീതം ഓരോ മാസവും മനീഅ അഹമ്മദ് ഫഹദ് ഖഹതാനി അയച്ചുകൊടുക്കാറുണ്ടെന്ന് ജോര്‍ജ്ജ് അറിയിച്ചു. സെന്‍ മോന്റെ കുടുംബവും മലയാളി സമൂഹവും അദ്ദേഹത്തിന്റെ സ്‌നേഹവും കരുണയും എന്നും ഓര്‍ക്കുമെന്നും ജോര്‍ജ് അസീര്‍ മീഡിയ ഫോറം സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നോര്‍ക്ക കണ്‍സള്‍ട്ടന്റ് പറഞ്ഞു.
അസീര്‍ മീഡിയ ഫോറം പ്രതിനിധികളായ മുഹമ്മദ് മോങ്ങം , ഡോ. ലുക്മാന്‍ , ജോയ് എസ് കരുനാഗപ്പള്ളി, ശ്രീശൈലം രാധാകൃഷ്ണന്‍ , ഒ ഐ.സി.സി. നേതാവും ഷാജിയുടെ നാട്ടുകാരനുമായ ഫ്രാന്‍സിസ് നിലമ്പൂര്‍ , നോര്‍ക ഉപദേശക സമതിയംഗം കെ.ടി.എ മുനീര്‍ , കെ. പി. സി. സി. സെക്രട്ടറി വി.വി. പ്രകാശ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവദാസന്‍ , സാമൂഹ്യ പ്രവര്‍ത്തകരായ റെജി വര്‍മ്മ, നിസ്താര്‍ ഇരിക്കൂര്‍ , എന്നിവരോടൊപ്പം ശിഹാബ് കൊട്ടുകാട് ജിദ്ദ ഇന്ത്യന്‍ കൊണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സുല്‍ വിജയന്‍ , മറ്റു വെല്‍ഫെയര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാര്‍ , വിവിധ ഘട്ടങ്ങളിലെ മോചന ശ്രമത്തില്‍ പങ്കാളികളായി. ഫ്രാന്‍സിസ് നിലമ്പൂര്‍ , മുഹമ്മദ് മോങ്ങം , ഡോ. ലുക്മാന്‍, അഷറഫ് കുറ്റിച്ചല്‍ , ഉസ്മാന്‍ കിളിയമണ്ണില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha