കാണാതായ മലയാളി യുവാവ് നാടുകടത്തല്‍ കേന്ദ്രത്തില്‍
ഫെബ്രുവരി 27 മുതല്‍ കാണാതായ കോഴിക്കോട് കാരശേരി ചക്കിങ്ങല്‍ സലീമിനെ (25) റിയാദ് ഷുമൈസിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കണ്ടെത്തിയതായി സാമൂഹികപ്രവര്‍ത്തകരായ ഷിബു പത്തനാപുരവും ബഷീര്‍ പാണക്കാടും അറിയിച്ചു. രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ അജ്‌ഞാതനായ ഇന്ത്യക്കാരന്‍ എന്ന നിലയിലാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ മനോദൗര്‍ബല്യമുള്ള സലീം കഴിയുന്നത്. മേല്‍വിലാസം കൃത്യമായി പറയാതിരുന്ന സലീമിനെക്കുറിച്ച് അധികൃതര്‍ സാമൂഹികപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
മൂന്നു വര്‍ഷം മുന്‍പ് റിയാദിലെത്തിയ സലീം നസീമിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്നു. ബന്ധുവില്‍ നിന്നു വാങ്ങിയ വീസയിലാണ് സലീം റിയാദിലെത്തിയത്. അവിവാഹിതനായ സലീം നാട്ടില്‍ പോകുന്നതിനായി സ്‌പോണ്‍സറില്‍ നിന്നു റീ എന്‍ട്രി അടിപ്പിച്ചിരുന്നു. എന്നാല്‍ ഏജന്റായ ബന്ധുവും സ്‌പോണ്‍സറും തമ്മിലുള്ള പ്രശ്‌നം കാരണം അദ്ദേഹം പാസ്‌പോര്‍ട്ട് സലീമിനു വിട്ടു നല്‍കിയില്ല. നാട്ടില്‍ പോകാന്‍ കഴിയാത്ത വിഷമംമൂലം മുറി വിട്ടിറങ്ങി റോഡിലലയുന്നതിനിടയിലാകാം സലീം പൊലീസ് പിടിയിലായതെന്നു കരുതുന്നു. സലീമിന്റെ പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടുപോയെന്നാണ് സ്‌പോണ്‍സര്‍ പറയുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ ഹാജരാക്കാനും ഉടനെ ഇസി എടുത്ത് എകക്കസിറ്റ് അടിച്ച് നാട്ടിലയയ്‌ക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ പാണക്കാട് അറിയിച്ചു.
https://www.facebook.com/Malayalivartha