ആം ആദ്മി പാര്‍ട്ടിക്ക് യു.എ.ഇയില്‍ നിന്ന് സംഭാവന ലഭിച്ചത് 60 ലക്ഷത്തോളം രൂപ
അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയുയര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ലോക രാജ്യങ്ങളിലെ ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ പ്രവഹിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ‘ആപ്പി’ന് ഡിസംബര്‍ 12ന് ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിന്‍ വഴി വെള്ളിയാഴ്ച വൈകുന്നേരം വരെ സംഭാവനയായി ലഭിച്ചത് 14.5 കോടി രൂപയാണ്. 100 രാജ്യങ്ങളിലെ 65804 പേരില്‍ നിന്നായാണ് 14,53,27,229 രൂപ ലഭിച്ചത്.
‘ആപ്പി’ന് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ യു.എ.ഇക്ക് ജി.സി.സിയില്‍ ഒന്നാം സ്ഥാനവും ലോക രാജ്യങ്ങളില്‍ മൂന്നാം സ്ഥാനവുമാണുള്ളത്. മൊത്തം 60 ലക്ഷത്തോളം രൂപയാണ് യു.എ.ഇയിലുള്ളവരില്‍ നിന്ന് സംഭാവനയായി ആപ് ഫണ്ടിലേക്ക് ഒഴുകിയത്. ഇന്ത്യയില്‍ നിന്ന് 10.52 കോടി രൂപയും അമേരിക്കയില്‍ നിന്ന് 1.55 കോടി രൂപയും ലഭിച്ചു. മൊത്തം സംഭാവനയുടെ 72.4 ശതമാനം ഇന്ത്യയില്‍ നിന്നും 10.7 ശതമാനം അമേരിക്കയില്‍ നിന്നും 4.1 ശതമാനം യു.എ.ഇയില്‍ നിന്നുമാണ് ലഭിച്ചത്.
യു.എ.ഇയിലെ 992 പേരില്‍ നിന്നായാണ് 59,44,883 രൂപ ലഭിച്ചത്. ഒരാള്‍ ശരാശരി 6000 രൂപ വീതം ആപിന് സംഭാവന ചെയ്തു. ജി.സി.സി രാജ്യങ്ങളില്‍ 275 വ്യക്തികളില്‍ നിന്ന് 9.45 ലക്ഷം ലഭിച്ച ഖത്തറാണ് സംഭാവനയില്‍ രണ്ടാം സ്ഥാനത്ത്. ആഗോളാടിസ്ഥാനത്തില്‍ ഖത്തറിന്‍െറ സ്ഥാനം എട്ടാമതാണ്. പത്താം സ്ഥാനത്തുള്ള കുവൈത്തിലെ 187 പേരില്‍ നിന്ന് 6.76 ലക്ഷം രൂപയും 11ാം സ്ഥാനത്തുള്ള സൗദി അറേബ്യയില്‍ നിന്ന് 6.74 ലക്ഷം രൂപയും സംഭാവന കിട്ടി.
വര്‍ഷം സൂചിപ്പിച്ച് 2014 രൂപ നല്‍കിയവര്‍ ഏറെയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷവുമായി ബന്ധപ്പെടുത്തി 1947 രൂപ നല്‍കിയവരും കുറവല്ല. ഇന്ത്യയില്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് മഹാരാഷ്ട്രയില്‍നിന്നാണ് (22.3 ശതമാനം). ദല്‍ഹിയില്‍നിന്ന് 20.4 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്ന് 16.6 ശതമാനവും ലഭിച്ചു.
കേരളത്തില്‍ 2,166 പേരില്‍ നിന്നായി 23,03,436 രൂപയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഫണ്ട് ശേഖരണത്തിനുമായി സോഷ്യല്‍ മീഡിയയെ വന്‍ തോതിലാണ് എ.എ.പി ഉപയോഗപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha