സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം : മലയാളിയുടെ വധശിക്ഷ ശരിവെച്ചു
അബുദാബിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ സ്‌കൂള്‍ ജീവനക്കാരന് കീഴ്‌കോടതി വിധിച്ച വധശിക്ഷ അപ്പീല്‍സ് കോടതി ശരിവെച്ചു. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസില്‍ മലപ്പുറം ജില്ലാക്കാരനായ ഗംഗാധരനെയാണ്( 56) വധശിക്ഷയ്‌ക്ക് വിധിച്ചത്. ഏഴു വയസ്സുള്ള സ്വദേശി ബാലികയെ ബലാല്‍സംഗം ചെയ്‌ത കേസിലാണ് ശിക്ഷ. പ്രതി അപ്പീല്‍ നല്‌കിയെങ്കിലും കോടതി അത് തള്ളികളഞ്ഞു.
2013 ഏപ്രില്‍ 14 നാണ് സംഭവം നടന്നത്. ജൂലൈ അവസാനമാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ബാലികയെ സ്‌കൂളിന്റെ അടുക്കളയില്‍ വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് ചില പേപ്പറുകള്‍ എടുക്കാന്‍ വേണ്ടി അധ്യാപിക കുട്ടിയെ പറഞ്ഞു വിടുകയായിരുന്നു. ഓഫീസിലേക്ക് പോകുന്ന വഴി കുട്ടിയെ അടുക്കളയിലേക്ക് തള്ളിയിട്ട് സ്‌കൂള്‍ ജീവനക്കാരന്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിക്കുകയും കുറ്റക്കാരനെ പിടികൂടുകയും ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു.
എന്നാല്‍ ജീവനക്കാരന്‍ ബലാല്‍സംഗം ചെയ്‌തുവെന്നതിന് ഫോറന്‍സിക് തെളിവുകളില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സ്‌കൂളിന്റെ അടുക്കളയില്‍ ഇത്തരത്തിലൊരു സംഭവം നടക്കാന്‍ സാധ്യതയില്ലെന്ന് നാല് അധ്യാപകരും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മൂന്ന് പതിനാറ്റാണ്ടോളമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന ഗംഗാധരനെ കുറിച്ച് മോശമായ അഭിപ്രായമില്ലെന്നും അധ്യാപികമാര്‍ പറയുന്നു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്ന കേസുകളില്‍ അന്തിമ തീര്‍പ്പ് സെഷന്‍ കോടതിയുടെ വിധിക്ക് അനുസൃതമായിരിക്കും.
https://www.facebook.com/Malayalivartha