ഇന്ത്യന്‍ സ്കൂളുകളില്‍ വന്‍ ഫീസ് വര്‍ധന; രക്ഷിതാക്കളുടെ നടുവൊടിയുന്നു
കുവൈത്ത് സിറ്റി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് നിരക്കുകളില്‍ വന്‍ വര്‍ധന. നേരത്തേ തന്നെ രക്ഷിതാക്കളുടെ നടുവൊടിക്കുന്ന തരത്തില്‍ വമ്പന്‍ ഫീസ് ഈടാക്കാറുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ മിക്കവയും പുതിയ അധ്യയന വര്‍ഷത്തിന്‍െറ പിറവിയോടെ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. ട്യൂഷന്‍ ഫീസുകളിലെ വര്‍ധന കൂടാതെ മറ്റു പലപേരുകളിലും വാങ്ങുന്ന ഫീസുകളും കൂട്ടിയിട്ടുണ്ട്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 20ലധികം ഇന്ത്യന്‍ സ്കൂളുകള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളില്‍ കുടുംബമായി താമസിക്കുന്നവരെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഇന്ത്യന്‍ സ്കൂളുകളെയാണ്. സ്കൂള്‍ ഫീസുകളിലെ വര്‍ധന ഇടത്തരക്കാരും സാധാരണക്കാരുമായ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സ്കൂളില്‍ പഠിക്കുന്ന രണ്ടും അതിലധികവും മക്കളുള്ളവര്‍ ഇതുമൂലം അനുഭവിക്കുന്ന പ്രയാസം കുറച്ചൊന്നുമല്ല.
കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിലെ ഗണ്യമായ വിഭാഗം വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ പ്ളസ് വണ്‍ പ്രവേശത്തിനുള്ള അഡ്മിഷന്‍ ഫീസില്‍ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നേരത്തേ 25 ദീനാര്‍ മാത്രം ഈടാക്കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 100 ദീനാറാണ് വാങ്ങുന്നത്. പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെയാണ് പ്രവേശനത്തിനെത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് ഇത്രയും തുക വാങ്ങുന്നത്.
പത്താം ക്ളാസില്‍ അതേ സ്കൂളില്‍ പഠിച്ചവരാണെങ്കിലും വീണ്ടും സ്കൂളില്‍ ‘അഡ്മിറ്റ്’ ചെയ്യാനും 100 ദീനാര്‍ വേണം. കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂളില്‍ മക്കളെ ചേര്‍ക്കാന്‍ വന്ന രക്ഷിതാക്കള്‍ക്കെല്ലാം ഈ തുക അടക്കേണ്ടിവന്നു. കോഷന്‍ ഡെപ്പോസിറ്റ് 20 ദീനാര്‍, അഡ്മിഷന്‍ ഫീസ് 100 ദീനാര്‍, ഫസ്റ്റ് ടേമിലെ ട്യൂഷന്‍ ഫീസ് 129 ദീനാര്‍, ഡയറി ആന്‍റ് ബാഡ്ജ് ഫീസ് ആറ് ദീനാര്‍ എന്നിവയെല്ലാമടക്കം 255 ദീനാറാണ് പ്ളസ് വണ്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥിക്ക് കമ്യൂണിറ്റി സ്കൂളില്‍ അടക്കേണ്ടിവരുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റിക്ക് താങ്ങാവുന്ന വിധത്തിലുള്ള ഫീസ് ഏര്‍പ്പെടുത്തേണ്ട സ്കൂള്‍ തങ്ങളുടെ നടുവൊടിക്കുന്ന രീതിയിലുള്ള ഫീസ് വര്‍ധനയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
അതേസമയം, സ്കൂളിന് പല പുതിയ കോഴ്സുകളും അനുവദിച്ചുകിട്ടിയിട്ടുണ്ടെന്നും അവയുടെ നടത്തിപ്പിനും മറ്റും ഏറെ ചെലവുണ്ടെന്നും അതുകൊണ്ടാണ് അഡ്മിഷന്‍ ഫീസ് നിരക്ക് ഉയര്‍ത്തിയതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വാദം. എന്നാല്‍, 25 ലക്ഷം ദീനാറോളം നീക്കിയിരിപ്പുള്ള സ്കൂളിന് പുതിയ കോഴ്സുകള്‍ നടത്താന്‍ രക്ഷിതാക്കളില്‍നിന്ന് പിരിവെടുക്കേണ്ട അവസ്ഥയുണ്ടോ എന്നാണ് രക്ഷിതാക്കളുടെ മറുചോദ്യം.
https://www.facebook.com/Malayalivartha