പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേണം. ഭേദഗതി കൊണ്ട് വരേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതിനാല്‍ തല്‍ക്കാലം ഇത് നടപ്പാക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ നിലപാട് നാളെ സുപ്രീം കോടതിയെ അറിയിക്കും.
പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യത്തിരുന്നുതന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. ഷംസീര്‍ വയലിന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാട് അറിക്കുന്നത്.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് തപാല്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കിക്കൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഏപ്രില്‍ ഏഴിനകം നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരുന്നു. ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടാണ് ഇക്കാര്യത്തില്‍ അറിയാനുളളത്.
https://www.facebook.com/Malayalivartha