ഇനിയൊരു പ്രവാസിയും പറ്റിക്കപ്പെടരുത്
തന്റെ പരിചയക്കാരന്റെ ഒരു പാഴ്‌സല്‍ ഒരിക്കലെങ്കിലും കൊണ്ടു പോകാത്ത ഏത് പ്രവാസിയാ ഉള്ളത്. ഒരു പ്രവാസിയുടെ ശാപം കൂടിയാണ് ഈ പാഴ്‌സല്‍ സര്‍വീസ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത് ഗള്‍ഫുകാരും.
എങ്ങനേയും ഒരു വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കാനിരിക്കുന്ന ഒരു ശരാശരി മലയാളിയുടെ ആദ്യ അനുഭവമായിരിക്കും പാഴ്‌സല്‍ സര്‍വീസ്. പിന്നീടങ്ങോട്ട് ഈ പ്രവാസിയുടെ ഓരോ പോക്കിലും വരവിലും പാഴ്‌സല്‍ സര്‍വീസ് തുടര്‍ക്കഥയാകും. പോകുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഗള്‍ഫ്‌കാരനെ കാണാന്‍ നിരവധി പരിചയക്കാരെത്തും. ലക്ഷ്യം ഒന്നേയുള്ളൂ. ഗള്‍ഫിലുള്ള തന്റെ ബന്ധുവിന് ഓസിന് ചില പാഴ്‌സലുകള്‍ എത്തിക്കണം. പറ്റില്ല എന്നു പറഞ്ഞാല്‍ ഓ അവന്‍ വല്യ ഗള്‍ഫ് കാരനായി... എന്നായിരിക്കും പ്രതികരണം. നല്ലൊരു യാത്രയില്‍ ശാപങ്ങള്‍ ഏറ്റുവാങ്ങേണ്ടെന്ന് കരുതിയാണ് പലരും പരിചയക്കാരുടെ ഈ പാഴ്‌സലുകള്‍ വാങ്ങുന്നത്. അങ്ങോട്ടുള്ള യാത്രയില്‍ മിക്കപ്പോഴും അച്ചാറുകളും മറ്റ് ഭക്ഷണ വസ്‌തുക്കളും മരുന്നുമൊക്കെയായിരിക്കും. തിരിച്ചുള്ള യാത്രയിലാകട്ടെ ഡ്രസുകളും പെര്‍ഫ്യൂമുകളും ഇലക്‌ട്രോണിക്‌സ് സാധനങ്ങളുമൊക്കെയായിരിക്കും. എല്ലാം ഭദ്രമായി പായ്‌ക്ക് ചെയ്‌ത്, പൊട്ടിച്ചാല്‍ തിരിച്ചറിയാന്‍ പറ്റത്തക്ക വിധം സീലും ചെയ്‌താണ് ഇവ നല്‍കുന്നത്.
പാവം ഗള്‍ഫ്‌കാരന്‍ തന്റെ ബാഗില്‍ സ്ഥലമില്ലെങ്കില്‍കൂടി തന്റെ സാധനങ്ങള്‍ മാറ്റി പോലും അവ കൊണ്ടു പോകും. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ് ആദ്യ കടമ്പ. നിശ്ചിത കിലോയ്‌ക്കധികം വന്നാല്‍ ആദ്യത്തെ ടെന്‍ഷന്‍ അതിനാകും. പരിചയക്കാരന്റെ പാഴ്‌സല്‍ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ. പിന്നെയുള്ളത് ചെക്കിംഗിലോ, സ്‌കാനിംഗിലോ എന്തെങ്കിലും സംശയം തോന്നിയാല്‍ തീര്‍ന്നു. പല മരുന്നുകള്‍ക്കും കേടാകുന്ന പല ഭക്ഷ്യ വസ്‌തുക്കള്‍ക്കും പല രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. ഇതൊന്നും അറിയാതെ എയര്‍പ്പോട്ടില്‍ വിയര്‍ക്കുന്നത് ഈ ഗള്‍ഫ്‌കാരന്‍ മാത്രമായിരിക്കും.
കുവൈത്തില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസമുണ്ടായ അനുഭവം പ്രവാസികള്‍ക്കുള്ള പാഠമാണ്. ഗള്‍ഫിലുള്ള സുഹൃത്തിന് നല്‍കാനെന്ന വ്യാജേന നല്‍കിയ മയക്ക് മരുന്ന് അടങ്ങിയ പൊതി ഭാരക്കൂടുതല്‍ കാരണം വീട്ടില്‍ ഉപേക്ഷിച്ചതിനാലാണ് യുവാവ് ജയിലിലാവാതെ രക്ഷപ്പെട്ടത്. മയക്കുമരുന്ന് കടത്തിയാല്‍ വധശിക്ഷ തന്നെയാണ് പല ഗള്‍ഫ് രാജ്യങ്ങളിലും നിലവിലുള്ളതെന്നിരിക്കെ, ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം.
ഇതുപോലുള്ള സംഭവങ്ങള്‍ പല ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. പലരും ജയിലിലായിട്ടുമുണ്ട്. നിരപരാധികളായ നിരവധി പേര്‍ ഇതൊന്നും തെളിയിക്കാനാകാതെ ഇപ്പോഴും ജയിലില്‍ കഴിയുന്നുമുണ്ട്. പല കള്ളക്കടത്തുകാരും ഇത്തരം പ്രവാസികളെ ഉപയോഗിച്ചാണ് കള്ളക്കടത്ത് നടത്തുന്നത്.
ഇക്കാര്യത്തില്‍ പ്രവാസികള്‍ നന്നായി ജാഗ്രത പുലര്‍ത്തണം. നാട്ടിലേക്ക് വരുമ്പോഴോ പോകുമ്പോഴോ കഴിവതും പാഴ്‌സലുകള്‍ വാങ്ങാതിരിക്കുക. പലപ്പോഴും ബന്ധങ്ങള്‍ക്ക് ഇതൊരു തടസം തന്നെയാണ്. അങ്ങനെയെങ്കില്‍ അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാത്രം പാഴ്‌സല്‍ വാങ്ങുക. അത് തുറന്ന് അനാവശ്യമായി ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തി കൊണ്ടു പോകുക. ഏതെങ്കിലും സാധനത്തിനുള്ളില്‍ എന്തെങ്കിലും ഒളിപ്പിച്ചതായി സംശയം തോന്നിയാല്‍ അവ ഒഴിവാക്കുക. എയര്‍പോര്‍ട്ടില്‍ വെച്ച് എത്ര അടുത്ത പരിചയക്കാരന്‍ പാഴ്‌സല്‍ തന്നാലും വാങ്ങാതിരിക്കുക.
ഇങ്ങനെ ചില മുന്‍ കരുതലുകള്‍ എടുത്ത് ഗള്‍ഫ്‌കാരന്റെ ഏറ്റവും വലിയ പാരയായ പാഴ്‌സലുകളെ സുരക്ഷിതമാക്കുന്നതായിരിക്കും ബുദ്ധി. കാരണം നിങ്ങള്‍ പ്രവാസിയായതിനാല്‍ പാഴ്‌സല്‍ സര്‍വീസ് നിങ്ങളുടെ രക്തത്തിലലിഞ്ഞതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha