സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സൗദിയില്‍ പുതിയ സംവിധാനം
സൗദിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക സംവിധാനം വരുന്നു. പതിമൂന്ന് ലോകഭാഷകളും 570 അറബിക് ഭാഷാശൈലികളും 278 സൗദി പ്രദേശിക ഭാഷാ വ്യതിയാനങ്ങളും തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് സാധിക്കും.
ഇന്റര്‍നെറ്റിലൂടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തുകയും വ്യക്തികള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യുന്ന ഈ സംവിധാനം സൗദി സുരക്ഷാ വിഭാഗത്തില്‍ ഇപ്പോള്‍ തന്നെ ഭാഗികമായി ഉപയോഗത്തിലുണ്ട്.
നേരത്തേ പ്രോഗ്രാം ചെയ്തുവെച്ച എഴുത്തോ സംസാര ശൈലിയോ ഉപയോഗിച്ച് ഹിതകരമല്ലാത്ത വാക്കുകള്‍ കണ്ടെത്തുകയാണ് ഈ ഡിജിറ്റല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ലബോറട്ടറി സിസ്റ്റം ചെയ്യുന്നത്. സൗദിയിലും മധ്യേഷന്‍ രാജ്യങ്ങളിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനത്തിന്റെ പ്രസക്തി. അടുത്തിടെ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ 45 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരു തവണയെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2007 ലാണ് സൗദിയില്‍ സൈബര്‍ കുറ്റകൃത്യ നിയമം നിലവില്‍ വന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഇന്റര്‍നെറ്റ് പോലീസ് എന്ന പേരില്‍ വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തീവ്രത അനുസരിച്ച് പത്ത് വര്‍ഷം വരെ തടവും വന്‍തുക പിഴയും വരെ ലഭിക്കാം.
https://www.facebook.com/Malayalivartha