സൗദിയില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞ് അഞ്ചു മലയാളികള്‍ മരിച്ചു
സൗദി തലസ്‌ഥാനമായ റിയാദില്‍നിന്ന് 780 കിലോമീറ്റര്‍ അകലെ ത്വായിഫിനു സമീപം റദ്വാനില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞുള്ള അപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. എല്ലാവരും മലപ്പുറം ജില്ലക്കാരാണ്. തിരൂര്‍ പയ്യനങ്ങാടി തങ്ങള്‍സ് റോഡ് ചന്ദ്രച്ചാട്ട് അലി ഹാജിയുടെ മകന്‍ നവാസ് (32), അലി ഹാജിയുടെ പിതൃസഹോദരന്‍ പരേതനായ ചന്ദ്രച്ചാട്ട് മുഹമ്മദ്‌കുട്ടിയുടെ മകന്‍ നൗഷാദ് (24), മേല്‍മുറി അധികാരിത്തൊടി കുഴിമാട്ടികളത്തില്‍ പരേതനായ അബ്‌ദുല്ലയുടെ മകന്‍ മുഹമ്മദ് സലിം (32), കുറ്റിപ്പാല ജിഎംഎല്‍പി സ്‌കൂളിനു സമീപം പരേതനായ തൊണ്ടിയില്‍ കോരുവിന്റെ മകന്‍ ശ്രീധരന്‍ (48), തിരൂര്‍ കുറ്റൂര്‍ കൊട്ടിയാട്ടില്‍ ജനാര്‍ദനന്‍ (45) എന്നിവരാണു മരിച്ചത്. വളവന്നൂര്‍ കടലായി മൊയ്‌തീന്‍കുട്ടിയുടെ മകന്‍ ജഫ്‌സീറിനെയും (24) ബംഗ്ലദേശ് പൗരനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊറിയന്‍ കമ്പനിക്കു വേണ്ടി കേറ്ററിങ് ജോലി ചെയ്യുന്ന അല്‍ സാദ് അല്‍ ഉസ്‌മാന്‍ കമ്പനിയുടെ ജീവനക്കാരാണു സലിം ഒഴികെയുള്ളവര്‍. ത്വായിഫിലേക്കു ജോലിക്കായി പോകുമ്പോള്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്ന സലിം യാത്രയില്‍ ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.
മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ത്വായിഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സലിമിന്റെ മൃതദേഹം സൗദിയില്‍ തന്നെ കബറടക്കുമെന്നാണ് ആദ്യവിവരം. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഉടന്‍ നാട്ടില്‍ എത്തിക്കുന്നതിനായി സൗദിയിലെ ഇന്ത്യന്‍ സ്‌ഥാനപതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കാലതാമസം ഒഴിവാക്കുമെന്നും കേന്ദ്രമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
സുമയ്യയാണു നവാസിന്റെ ഭാര്യ. മാതാവ്: റുഖിയ. പിതാവ് അലി ഹാജി മുന്‍ നഗരസഭാംഗമാണ്. നൗഷാദ് അവിവാഹിതനാണ്. മാതാവ്: ആസ്യ. മുഹമ്മദ് സലിമിന്റെ ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് റിന്‍ഷാദ്, ഫാത്തിമ റിഫ. ശ്രീധരന്റെ ഭാര്യ: അനിത. മക്കള്‍: അനഘ, ജിത്തു. പ്രസന്നയാണു ജനാര്‍ദനന്റെ ഭാര്യ. മക്കള്‍: അക്ഷിന്‍, ആര്‍ദ്ര.
https://www.facebook.com/Malayalivartha