പാര്‍സലുകള്‍ കൊണ്ടുവരുമ്പോള്‍ ജാഗ്രത പാലിക്കുക
സമീപകാലത്ത് കുവൈത്തിലെ രണ്ടു പ്രവാസികള്‍ക്കുണ്ടായ അനുഭവങ്ങള്‍ ഓരോ ഗള്‍ഫുകാരനും നെഞ്ചിടിപ്പുണ്ടാകുന്നതാണ്. ഒരാഴ്‌ച രണ്ട് മലയാളികളാണ് തങ്ങളറിയാതെ പാര്‍സല്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുളള ദുഷ്‌ടശക്തിയുടെ ശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പിടിക്കപ്പെട്ടാല്‍ ദീര്‍ഘകാലം തടവോ വധശിക്ഷയോ തന്നെ ലഭിക്കാവുന്ന കുറ്റത്തില്‍നിന്ന് ദൈവഹിതം കൊണ്ട് മാത്രം രക്ഷപ്പെട്ട ഇവര്‍ മറ്റു പ്രവാസികള്‍ക്ക് നല്‍കുന്ന പാഠം ചില്ലറയല്ല.
പരിചയമുളളവരാണെങ്കില്‍പോലും കൊടുത്തുവിടുന്ന പാര്‍സലുകള്‍ തുറന്നുനോക്കി ഉറപ്പു വരുത്തിയല്ലാതെ കൊണ്ടുവവരുതെന്നാണ് പ്രഥമിക പാഠം. മുന്‍കാലത്തും പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്തിയ സംഭവങ്ങള്‍ കേരളത്തില്‍ പലതവണ അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതിപ്പോള്‍ ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ രണ്ടുതവണയാണ് സമാനസംഭവങ്ങളുണ്ടായത്. പത്ത് ദിവസം മുമ്പ് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയും കഴിഞ്ഞദിവസം കൊല്ലം അമ്പലകുന്ന് സ്വദേശിയും ഭാഗ്യവും ജാഗ്രതയും സമ്മേളിച്ചതുകൊണ്ടുമാത്രം. ഭാരക്കൂടുതല്‍ കൊണ്ടാണ് നടുവണ്ണൂര്‍സ്വദേശി പാര്‍സല്‍ കൊണ്ടു വരാതിരുന്നതെങ്കില്‍ കൊല്ലം സ്വദേശി ഗള്‍ഫില്‍ നിന്നുളള ബന്ധുപിന്റെയും സുഹൃത്തുക്കളുടെയും ജാഗ്രത മൂലമാണ് പാര്‍സല്‍ എടുക്കാതിരുന്നത്. രണ്ടാമത്തെ സംഭവത്തില്‍ ഇവിടെ മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ വാങ്ങാനെത്തിയയാളെ പിടികൂടാനും സുഹൃത്തുക്കളുടെ ഇടപെടല്‍ തുണയായി.
നാട്ടിലെയും കുവൈത്തിലെയും വിമാനത്താവളങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍പ്പെടാതെ കടന്നുകുട്ടിയാല്‍ കരിയറായി ഉപയോഗപ്പെടുത്തുന്നവര്‍ പോലുമില്ലാതെ സാധനം കൈയില്‍ കിട്ടുമെന്നതാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ ഇത്തരം രീതികള്‍ സ്വീകരിക്കാന്‍ കാരണം. ഇനി പിരശോധനയില്‍ പിടിക്കപ്പെട്ടാല്‍ കാര്യമില്ലാതെ പാര്‍സല്‍ കൊണ്ടുവന്നയാള്‍ മാത്രം അകത്താവുകയും ചെയ്യും.
കുവൈത്തില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ് മയക്കുമരുന്ന് കടത്തും ഉപയോഗവും. 1997 ലെ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വധശിക്ഷവരെ ലഭിക്കാം. ഇതുവരെ എട്ട് പേര്‍ മയക്കുമരുന്ന് കടത്തിയതിന് പിടിക്കപ്പെട്ട് വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. നിരവധി മലയാളികളടക്കം 150 ഓളം ഇന്ത്യക്കാര്‍ നിലവില്‍ മയക്കുമരുന്ന് കേസുകളില്‍ കുവൈത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha