സുന്ദരിയായ അറ്റോര്‍ണി ജനറല്‍: വിവാദ പുകഴ്‌ത്തലില്‍ ഒബാമ മാപ്പു പറഞ്ഞു
കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായ ഇന്ത്യന്‍ വംശജയെ പുകഴ്‌ത്തിയതിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ മാപ്പു പറഞ്ഞു. അറ്റോര്‍ണി ജനറലായി തെരെഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ ഏറ്റവും സുന്ദരിയായ അറ്റോര്‍ണി ജനറല്‍ എന്നായിരുന്നു ഒബാമ പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദങ്ങള്‍ക്കും,സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചര്‍ച്ചയുമായിരുന്നു. കലിഫോര്‍ണിയയില്‍ ഒരു ധനസമാഹാരണ പരിപാടിക്കിടെയായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ ഒബാമ ഉടന്‍ തന്നെ കമലയെ വിളിച്ച് ക്ഷമാപണം നടത്തിയതായി ജെയ് കാര്‍ണി വ്യക്തമാക്കി. കമലയും ഒബാമയും നേരത്തെ തന്നെ സുഹൃത്തുക്കളാണെന്നും കമലയുടെ പ്രഫഷണല്‍ നേട്ടങ്ങള്‍ ചെറുതാക്കി കാട്ടാന്‍ വേണ്ടിയല്ലായിരുന്നു പരാമര്‍ശമെന്നും ജെയ് കാര്‍ണി കൂട്ടിച്ചേര്‍ത്തു. സ്‌ത്രീകള്‍ ജോലിസ്ഥലത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഒബാമയ്‌ക്ക് പൂര്‍ണബോധ്യമുണ്ടെന്നും സ്‌ത്രീകളെ സൗന്ദര്യത്തിന്റെ പേരില്‍ വിലയിരുത്തരുതെന്ന് അദ്ദേഹത്തിന് അറിയാമെന്നും ജെയ് കാര്‍ണി വ്യക്തമാക്കി. നാല്‌പത്തിയെട്ടുകാരിയായ കമല യുഎസ് അറ്റോര്‍ണി ജനറല്‍ പദത്തിലെത്തുന്ന പ്രഥമ ഇന്ത്യന്‍ വംശജയും കലിഫോര്‍ണിയ സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയുമാണ്.
https://www.facebook.com/Malayalivartha