NSS നോര്‍ത്ത് ടെക്‌സാസ് വിഷു ആഘോഷിച്ചു
നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ഇക്കൊല്ലത്തെ വിഷു ആഘോഷം ഏപ്രില്‍ 14 നു പ്ലാനോയില്‍ വച്ച് ആഘോഷിച്ചു. മുന്നൂറില്‍പ്പരം സമുദായ അംഗങ്ങളെ സാക്ഷി നിര്‍ത്തി വിഷു ദിവസം രാവിലെ പ്രസിഡന്റ് ശ്രീകുമാരന്‍ നായര്‍ വിഷുക്കണിക്കു മുന്‍പില്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച ആഘോഷങ്ങള്‍ വിഭവ സമൃദ്ധമായ വിഷു സദ്യയോടെ മദ്ധ്യാഹ്നത്തില്‍ പര്യവസാനിച്ചു. തദവസരത്തില്‍ സന്നിഹിതരായ എല്ലാ ബാലികാ ബാലന്മാര്‍ക്കും വിഷുക്കൈനീട്ടം നല്കി കേരള സംസ്‌കാരത്തനിമയും വിഷു ആചാരങ്ങളും പുനരാവിഷ്‌കരിച്ചു. തുടര്‍ന്നുള്ള കലാ പരിപാടികളില്‍ മിനി ശ്യാമിന്റെ ശിഷ്യകളായ മേഘ്‌ന സുരേഷ്, ഗൗരി നായര്‍, പ്രിയങ്ക മേനോന്‍, അന്‍ജിത നായര്‍, രേഷ്മ നായര്‍, നിഖിതാ മേനോന്‍ തുടങ്ങിയവര്‍ മധുരാഷ്ടകം മോഹിനിയാട്ടം അവതരിപ്പിച്ചത് കാണികളുടെ മനം കവര്‍ന്നു. പൂജ നായര്‍ നൃത്ത സംയോജനം ചെയ്ത കൃഷ്ണ ലീല കുട്ടികളായ ആരുഷ് സഞ്ജയ്, അപര്‍ണ നായര്‍ ഭാവിനി നായര്‍, ഇഷാന കൃഷ്ണന്‍, കാമ്‌ന നായര്‍, കാവ്യാ വെല്ലൂര്‍ , നന്ദന ദിനേശ്, നന്ദിത സഞ്ജയ്, പ്രാര്‍ത്ഥന ചേലാട്ട്, പ്രണവ് ശങ്കര്‍, റിയ വെല്ലൂര്‍, ഗൗതം രഞ്ജിത്ത്, രക്ഷ ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംപൂര്‍ണമാക്കിയത് എല്ലാവരെയും സന്തോഷഭരിതരാക്കി.
വിഷു അടിസ്ഥാനമാക്കി സേതു പണിക്കര്‍, സ്മിത മനോജ്, പ്രണവ് നായര്‍, ദേവി നായര്‍, വിഘ്‌നേഷ് നായര്‍, ശ്രേയ, ധ്രുവ്, ആതിര സുരേഷ്, അനി തുടങ്ങിയവര്‍ ഫലിതവും കാര്യവും ചേര്‍ത്തു ചെയ്ത നാടകവും രോഹിത് നായരും അഭിജിത്ത് നായരും അവതരിപ്പിച്ച നര്‍മപ്രദമായ സ്‌കിറ്റും സദസ്യരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ശര്‍മത രാജേഷ് , മനോജ് രത്‌നാകരന്‍, രോഹിത് നായര്‍ തുടങ്ങിയവരുടെ സംഗീതവും, ശര്‍മതയുടെ ശിക്ഷണത്തില്‍ ആരുഷ്, അധിദേവ്, ഗിരിധര്‍ നായര്‍, കേശവ്, പ്രണവ് സുധീര്‍, ശ്രീഹരി എന്നിവര്‍ ആലപിച്ച കണി കാണും നേരം എന്ന പ്രശസ്തമായ കൃഷ്ണ ഗീതവും എല്ലാവരും ആസ്വദിച്ചു.
മെയ് 11 നു ഗാര്‍ലന്റ് എം ജീ എം ഓഡിറ്റോറിയത്തില്‍ എന്‍ എസ് എസ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന സൂര്യ ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്പനയ്ക്കും ഈ അവസരം വേദി ഒരുക്കി. പ്രസിഡന്റ് ഡോക്ടര്‍ ശ്രീകുമാര്‍ സ്വാഗതവും, സെക്രട്ടറി മനോജ് ഉപസംഹാരവും പറഞ്ഞ പരിപാടിയില്‍ ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ടി എന്‍ നായര്‍, ഗ്ലോബല്‍ എന്‍ എസ് എസ് പ്രസിഡന്റ് മന്മഥന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ എസ് എസ് അംഗങ്ങള്‍ സ്വയം പാകം ചെയ്ത വിഭവ സമൃദ്ധമായ സദ്യ എല്ലാവരും ചേര്‍ന്ന് വിളമ്പിയത് ഗൃഹാതുരത്വം ഉണര്‍ത്തി.
ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha