അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ച അവസ്ഥ, അമേരിക്കയിൽ മാത്രം അതിശൈത്യം മൂലം ഇതുവരെ മരിച്ചത് 28 പേർ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം താപനില -50 ഡിഗ്രി സെൽഷ്യസ് വരെ, രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും...!
യുഎഇ, സൗദി എന്നീ ഗൾഫ് രാഷ്ട്രങ്ങൾ ശൈത്യത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന് പുറമേ പ്രവാസികൾ കൂടുതലുള്ള അമേരിക്കയിലും കാനഡയിലും എല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. ശീതകാല കൊടുങ്കാറ്റിൽ അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ച അവസ്ഥയാണ്. അമേരിക്ക കാനഡ അതിർത്തിയിൽ ജനജീവിതം അതീവ ദുസ്സഹമായി.
അമേരിക്കയിൽ മാത്രം ഇതുവരെ 28 പേരാണ് അതിശൈത്യം മൂലം മരിച്ചത്. അമേരിക്കയുടെ 60 ശതമാനം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് കണക്കുകൾ. ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നു പോകുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് യാത്രകള്‍ റദ്ദാക്കാന്‍ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ മര്‍ദ്ദം പൊടുന്നനെ താഴ്ന്ന് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെടുന്നതാണ് ബോംബ് ചുഴലി. ഇതിന്റെ ഫലമായി, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റോ, അതിശക്തമായ മഞ്ഞു വീഴ്ചയോ പ്രളയമോ ഉണ്ടാകാം. അമേരിക്കയിലെ ആകെ ജനതയുടെ 70 ശതമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വൈദ്യുതി വിതരണം താറുമാറായതോടെ പലയിടങ്ങളും ഇരുട്ടിലാണ്.കനത്ത ശീതക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി മുടക്കം അമേരിക്കയിലും കാനഡയിലുമായി 15 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടു. അതികഠിനമായ തണ്ണുപ്പും ഇടവേളയില്ലാത്ത മഞ്ഞുവീഴ്ചയും ചേർന്നതോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഏതാണ്ട് മരവിച്ച നിലയിലാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ ഈ ദിവസങ്ങളിൽ റദ്ദാക്കിയത്. ഇതോടെ നിരവധി ആളുകളുടെ ക്രിസ്മസ് പദ്ധതികളും താറുമാറായി.
ക്രിസ്മസ് ദിനത്തിൽ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. ശനിയാഴ്ച 3500ഉം, വെള്ളിയാഴ്ച 6000ഉം വിമാനസർവ്വീസുകൾ ആണ് റദ്ദായത്. ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ.ഐസും മഞ്ഞും പൊതിഞ്ഞ വീടുകളിൽ കുടുങ്ങിയ നിലയിലാണ് ലക്ഷക്കണക്കിന് അമേരിക്കക്കാർ. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെ ശൈത്യം ബാധിച്ചുവെന്നാണ് വിവരം.
അതേസമയം ഓസ്ട്രിയയിലും ശൈത്യം കാര്യമായി നാശം വിതച്ചിട്ടുണ്ട്. മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിൽ രേഖപ്പെടുത്തിയ താപനില. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓസ്ട്രിയയിലുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണതായതായാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha